കൊച്ചി: കൊച്ചി മെട്രോയിലെ കൂലിത്തര്‍ക്കത്തിന് പരിഹാരം. അവധി ദിനത്തിലും കുടുംബശ്രീ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കും. ഇതനുസരിച്ച് കരാര്‍ പുതുക്കാന്‍ കെഎംആര്‍എല്ലും കുടുംബശ്രീയും ധാരണയിലെത്തി.
കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഉള്‍പ്പെടെ 700 കുടുംബശ്രീ ജീവനക്കാര്‍ക്ക് അവധി ദിനത്തിലും ശമ്പളം നല്‍കാമെന്ന്, മുന്‍ എം.ഡി. ഏലീയാസ് ജോര്‍ജ് വാഗ്ദാനം ചെയ്തത് കഴിഞ്ഞ ഓഗസ്റ്റിലാണ്. എന്നാല്‍ വാക്ക് നല്‍കിയതല്ലാതെ അവധി ദിനത്തില്‍ ശമ്പളം നല്‍കുന്ന രീതിയില്‍ കെഎംആര്‍എല്‍ കരാര്‍ പുതുക്കിയില്ല. തുടര്‍ന്ന് ഡിസംബര്‍ വരെ കുടുംബശ്രീ സ്വന്തം ഫണ്ടില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി. എന്നാല്‍ ഈ ഇനത്തില്‍ 45 ലക്ഷത്തോളം കുടിശിഖ ആയതോടെ അവധി ദിനത്തില്‍ ശമ്പളം നല്‍കാനാകില്ലെന്ന നിലപാടില്‍ കുടുംബശ്രീ എത്തി.
തുച്ഛമായ വരുമാനത്തിനൊപ്പം അവധിദിനത്തിലെ ശമ്പളം കൂടി വെട്ടിച്ചുരുക്കിയതിനെതിരെ ഒറു വിഭാഗം കുടുംബശ്രീ ജീവനക്കാര്‍ രംഗത്തെത്തി. ചിലര്‍ ജോലി ഉപേക്ഷിക്കുമെന്ന് നിലപാടെടുത്തു. തുടര്‍ന്ന് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കെഎംആഎല്‍എല്‍ എംഡി മുഹമ്മദ് ഹനീഷും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോറും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് അനുകൂല തീരുമാനം ഉണ്ടായത്. നാല് അവധി ദിനങ്ങളിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കും.
ജീവനക്കാര്‍ക്കാരുടെ തൊഴില്‍ക്ഷമത കൂട്ടാനുള്ള പരിശീലന പരിപാടികള്‍ ഒരുക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. കരാര്‍ പുതുക്കി 15 ദിവസത്തിനുള്ളില്‍ കൂലി പ്രശ്‌നത്തിന് പൂര്‍ണ പരിഹാരം കാണുമെന്നാണ് കെഎംആര്‍എല്ലിന്റെ അറിയിപ്പ്.
