കൊച്ചി: കൊച്ചി മെട്രോയുടെ അന്തിമ സുരക്ഷാപരിശോധന നാളെ തുടങ്ങും. മെട്രോ സുരക്ഷ കമ്മീഷണറുടെ റിപ്പോര്‍ട്ട് അനുസരിച്ചാകും സര്‍വീസ് തുടങ്ങുന്ന തീയതി നിശ്ചയിക്കുക. പരിശോധനയ്ക്ക് മുമ്പായി സ്റ്റേഷനുകളും അനുബന്ധ നിര്‍മാണങ്ങളും അവസാനവട്ട ഒരുക്കങ്ങളിലാണ്.
നാലര വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. കൊച്ചി മെട്രോ യാത്രക്കാരെയും വഹിച്ച് എന്ന് കൂകിപ്പായുമെന്ന് അടുത്ത ദിവസം അറിയാം. മൂന്ന് ദിവസം നീളുന്ന മെട്രോ സുരക്ഷ കമ്മീഷണറുടെ പരിശോധനയ്ക്ക് ശേഷം സര്‍വീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിക്കും. പരിശോധന വിജയമായാല്‍ ഒരാഴ്ചക്കുള്ളില്‍ സര്‍വീസിനുള്ള അന്തിമ അനുമതി ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
സുരക്ഷ പരിശോധനയ്ക്കായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍ അറിയിച്ചിരുന്നു.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളും അനുബന്ധ നിര്‍മാണങ്ങളും സുരക്ഷ കമ്മീഷണര്‍ പരിശോധിക്കും. ഇതില്‍ ഇടപ്പള്ളിയും ചങ്ങമ്പുഴ പാര്‍ക്കും ഒഴിച്ചുള്ള സ്റ്റേഷനുകളിലെല്ലാം നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. ചങ്ങമ്പുഴ പാര്‍ക്ക് സ്റ്റേഷനില്‍ എസ്‌കലേറ്റര്‍ അടക്കം സ്ഥാപിക്കാനുണ്ട്. അവസാന സ്റ്റേഷനായ പാലാരിവട്ടത്ത് മിനുക്ക് പണികള്‍ മാത്രമാണ് ബാക്കി. പക്ഷേ പാര്‍ക്കിംഗ് കീറാമുട്ടിയായി തുടരുന്നു. പാലാരിവട്ടത്ത് മെട്രോ ഇറങ്ങുമ്പോഴുള്ള തിരക്ക് ഒഴിവാക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ കണ്ടെത്തിയ കെ എസ് ഇ ബിയുടെ ഭൂമി കൈമാറുന്നത് സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ല.
