കൊച്ചി: മെട്രോ തൂണുകളിൽ ചിത്രരചന നടത്താനുളള അനുമതി ബിനാലെ കലാകാരൻമാർക്ക് മാത്രം നൽകുന്നതിനെതിരെ സംസ്ഥാന ലളിതകലാ അക്കാദമി രംഗത്ത്. മറ്റ് കലാകാരന്‍മാര്‍ക്കും അവസരം നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാനാണ് അക്കാദമി തീരുമാനം. കൊച്ചി മെട്രോയുടെ ഇടപ്പളളിവരെയുളള തൂണുകളിൽ കലാസൃഷ്ടി നടത്താനാണ് ബിനാലെ സംഘാടകർക്ക്കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അനുമതി നൽകിയിരിക്കുന്നത്.

മാർച്ച് പകുതി വരെയാണ് കാലാവധി.എന്നാൽ 2014ൽ ഈ ആവശ്യം ഉന്നയിച്ച് സമീപിച്ചപ്പോൾ കെഎംആർഎൽ അനുമതി നൽകി നിഷേധിക്കുകയായിരുന്നുവെന്ന് ലളിത കലാ അക്കാദമി പറയുന്നു.ബിനാലെ കലാകാരൻമാർക്ക് മാത്രമല്ല സംസ്ഥാനത്തെ ഫൈൻ ആർട്സ് കോളേജുകളിൽ പഠിച്ചിറങ്ങിയ നൂറുക്കണക്കിന് തൊഴിൽ രഹിതരായ കലാകാരൻമാർക്കും മെട്രോ തൂണുകളിൽ ചിത്രരചന നടത്താൻ അനുമതി നൽകമമെന്നാണ് അക്കാദമിയുടെ ആവശ്യം

ഈ ആവശ്യം ഉന്നയിച്ച് സർക്കാരിനെ സമീപിക്കുമെന്ന് അക്കാദമി അറിയിച്ചു. അതേസമയം കൊച്ചി ബിനാലെ കഴിയുന്നതുവരെ മാത്രമാണ് ബിനാലെ കലാകാരൻമാരെ ചിത്രരചന നടത്താൻ അനുവദിച്ചിരിക്കുന്നതെന്ന്കെഎംആർഎൽ വൃത്തങ്ങൾ അറിയിച്ചു. മെട്രോ തൂണുകളിൽ പരസ്യം നൽകി വരുമാനം നേടാനാണ് തീരുമാനം. ഇതിനായി തുറന്ന ടെൻഡർ വൈകാതെ വിളിക്കുമെന്നും അവർ വിശദീകരിച്ചു.