കൊടുവള്ളി അസംബ്ലി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്വതന്ത്രനെതിരെയുള്ള ഹര്‍ജിയില്‍ വിചാരണ തുടങ്ങണമെന്ന് സുപ്രീംകോടതി.

കോഴിക്കോട്: കൊടുവള്ളി അസംബ്ലി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്വതന്ത്രനെതിരെയുള്ള ഹര്‍ജിയില്‍ വിചാരണ തുടങ്ങണമെന്ന് സുപ്രീംകോടതി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എ. റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഡോക്യുമെന്ററി സൃഷ്ടിച്ചും മറ്റും പ്രചാരണം നടത്തിയതായാണ് പരാതി.

തെരഞ്ഞെടുപ്പ് സമയത്ത് തന്നെ എല്‍.ഡി.എഫ് സ്വതന്ത്രന്‍ കാരാട്ട് റസാഖിനെതിരെ എം.എ. റസാഖ് മാസ്റ്റര്‍ പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇക്കാര്യം ബോധിപ്പിച്ച് ഹൈക്കോടതിയില്‍ യു.ഡി.എഫ് ഹര്‍ജി സമര്‍പ്പിച്ചു. ഇത് റദ്ദാക്കണമെന്നും വിചാരണ തടയണമെന്നും ആവശ്യപ്പെട്ട് കാരാട്ട് റസാഖ് സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ നേടുകയായിരുന്നു. 

ഇതിനെതിരെ എം.എ. റസാഖ് മസ്റ്റര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ നീക്കം ചെയ്ത് ഹൈക്കോടതിയില്‍ വിചാരണ തുടങ്ങാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. വഴിവിട്ട പ്രചാരണ നീക്കങ്ങളിലൂടെ ജനാധിപത്യം അട്ടിമറിച്ച എല്‍.ഡി.എഫിന്റെയും സ്ഥാനാര്‍ത്ഥിയുടെയും നിലപാട് ഹൈക്കോടതിയില്‍ വിചാരണ ചെയ്യാനുള്ള അവസരമാണ് കൈവന്നത്. സുപ്രീം കോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ പറഞ്ഞു.