തിരുവനന്തപുരം: ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍. പിണറായിയിലൂടെ നടക്കാനുള്ള മനോധൈര്യമില്ലാത്തതിനാലാണ് അമിത് ഷാ ജാഥയില്‍ നിന്നും പിന്മാറിയതെന്ന് കോടിയേരി പരിഹസിച്ചു. കൊട്ടിഘോഷിച്ചു തുടങ്ങിയ യാത്ര ശുഷ്കമാണെന്ന് അമിത് ഷാക്ക് ബോധ്യപ്പെട്ടെന്നും കുമ്മനം സിംഹമെന്ന് വിളിച്ച അമിത് ഷാ പല്ലില്ലാത്ത സിംഹമാണെന്നും കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അമിത്ഷായെ പ്രതീക്ഷിച്ച് യാത്ര കടന്നുപോകുന്ന പിണറായിൽ ബിജെപിക്ക് മറുപടിയുമായി സിപിഎം വൻ പ്രചാരണമാണ് നടത്തിയത് .ആദ്യ ദിനങ്ങളിൽ എല്ലാം കണ്ണൂരിൽ ജാഥയെ അവഗണിച്ച സിപിഎം പിണറായിൽ അമിത്ഷായെ കാത്തിരിക്കുകയായിരുന്നു. അമിത്ഷാ എത്തുന്നത് കണക്കാക്കി, ബിജെപി പ്രവർത്തകർ കൊലപ്പെടുത്തിയ സിപിഎം പ്രവർത്തകരുടെ ഫ്ലസ്‌തുകൾ സ്ഥാപിച്ചും മുഖ്യമന്ത്രി പിണറായി വിജയൻറെ ബോർഡുകൾ വരച്ചും സജീവമായിരുന്നു സിപിഎം പ്രവർത്തകർ.

അതേസമയം ദേശീയ നേതാക്കളെ ഇറക്കി നേരിട്ട് ഇടപെടുന്ന യാത്രയിൽ പ്രധാന ഭാഗത്ത് വെച്ച് തന്നെ നേതൃത്വം കൈവിട്ടത് ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായി. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയായി ഇത് വിലയിരുത്തപ്പെടുമ്പോൾ മറുപടി പറഞ്ഞു കുഴങ്ങേണ്ടി വരും ബിജെപിക്ക്.