യാഥാസ്ഥിതിക ചിന്താഗതിക്കാര്‍ ചില സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് നാമജപത്തിന് രംഗത്തിറക്കിയെന്നും കോടിയേരി.  കോണ്‍ഗ്രസും ബിജെപിയും ഇതിനെ പ്രോത്സാഹിപ്പിച്ചു.

തിരുവനന്തപുരം: വനിതാ മതിലില്‍ എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസിനെ ആര്‍എസ്എസിന്‍റെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നു എന്ന് കോടിയേരി പറഞ്ഞു. വനിതാ മതിലില്‍ എന്‍എസ്എസിന്‍റെ പ്രതികരണം ശരിയായില്ല. എന്‍എസ്എസ് നേതൃത്വം നിലപാട് തിരുത്തണം. എന്‍എസ്എസിന്‍റെ നടപടി ആത്മഹത്യാപരമെന്നും കോടിയേരി പറഞ്ഞു. 

യാഥാസ്ഥിതിക ചിന്താഗതിക്കാര്‍ ചില സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് നാമജപത്തിന് രംഗത്തിറക്കിയെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസും ബിജെപിയും ഇതിനെ പ്രോത്സാഹിപ്പിച്ചു. ബിജെപി നേതൃത്വം ഭീരുക്കളാണെന്ന് തെളിയിച്ചു. കുറച്ചു ബിജെപിക്കാർക്ക് മാത്രമേ നിരോധനാജ്ഞ ലംഘിക്കാൻ ധൈര്യം ഉണ്ടായിരുന്നോളളൂ എന്നും കോടിയേരി പറഞ്ഞു. 

വർഗീയത പ്രചരിപ്പിക്കാൻ ക്ഷേത്രങ്ങളെ ആർ എസ് എസ് ഉപയോഗിക്കുന്നു. ഇതിനാണ് ശബരിമലയെയും ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. വനിതാ മതിൽ ഒരു വർഗീയ മതിലെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഇത് മനുഷ്യ സ്ത്രീകളുടെ മതിലാണ്. മതിലിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നത് ആര്‍എസ്എസാണ്. മാറ്റമുണ്ടാക്കാൻ ശ്രമിക്കുന്നവർ മതിലിൽ പങ്കെടുക്കും. കാലം യാഥാസ്ഥിതിക്ക് മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.