'ഹരീഷ് നോവൽ പിൻവലിച്ചത് സംഘപരിവാർ ഭീഷണി നിമിത്തം'

ഇടുക്കി: ഹരീഷ് നോവൽ പിൻവലിച്ചത് സംഘപരിവാർ ഭീഷണി നിമിത്തമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രഭാവർമയ്ക്ക് എതിരെയും ഭീഷണി ഉയർത്തിയിരിക്കുകയാണ്. ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള സംഘപരിവാർ ഭീഷണിയെ ചെറുത്ത് തോൽപ്പിക്കണമെന്നും കോടിയേരി. 

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരണം ആരംഭിച്ച നോവല്‍ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്നാണ് പിന്‍വലിക്കുന്നതെന്ന് നോവലിസ്റ്റ് എസ് ഹരീഷ് വ്യക്തമാക്കിയിരുന്നു. നോവലിന്റെ ആദ്യ ലക്കങ്ങളിലൊന്നില്‍, രണ്ട് കഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണം ഹിന്ദുവിരുദ്ധമാണെന്ന് ആരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നത്.

ഐസ് മോഡൽ ഭീകരസംഘടനയാണ് എസ്ഡിപിഐ എന്നും വട്ടവടയിൽ അഭിമന്യുവിന്റെ കുടുംബത്തിന് സിപിഎം നിർമിച്ച് നൽകുന്ന വീടിന് തറക്കല്ലിട്ട് കോടിയേരി പറഞ്ഞു. എസ്ഡിപിഐയും ആർഎസ്എസും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. അഭിമന്യുവിന്റെ ഒരോ തുള്ളി ചോരയ്ക്കും സിപിഎം പകരം ചോദിക്കും. എന്നാല്‍ ഇത് അക്രമത്തിന്റെ പാതയിലൂടെയാകില്ലെന്നും കോടിയേരി വ്യക്തമാക്കി.