Asianet News MalayalamAsianet News Malayalam

രാഷ്ട്രീയത്തര്‍ക്കം; ദുരിതത്തിലായത് അംഗന്‍വാടിയിലെ കുട്ടികള്‍

  • രാഷ്ട്രീയത്തര്‍ക്കം; ദുരിതത്തിലായത് അംഗന്‍വാടിയിലെ കുട്ടികള്‍
kollam aganvady news
Author
First Published Jul 11, 2018, 8:55 PM IST

കൊല്ലം: രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വിരോധം കാരണം ദുരിതത്തിലായിരിക്കുകയാണ് കൊല്ലം അഷ്ടമുടി അംഗൻവാടിയിലെ കുരുന്നുകൾ. ഒറ്റപ്പെട്ട സ്ഥലത്തുള്ള അംഗൻവാടി മാറ്റി സ്ഥാപിക്കാമെന്ന കൊല്ലം എംപിയുടെ നിർദേശം സിപിഎം ഭരിക്കുന്ന പഞ്ചായത്ത് തള്ളി. നിലവിലുള്ള അതേസ്ഥലത്ത് അംഗൻവാടി പുതുക്കി പണിതാൽ മതിയെന്നാണ് പഞ്ചായത്തിന്‍റെ നിലപാട്.

സമീപത്തെങ്ങും ആള്‍പ്പാര്‍പ്പില്ല. കെട്ടിടത്തിന്‍റെ നാല് വശവും വെള്ളക്കെട്ടുകള്‍. പോരാത്തതിന് ഇഴ‍‍ജന്തുക്കളുടെ വാസകേന്ദ്രവും. അഷ്ടമുടിയിലൊന്നും മറ്റ് അംഗൻവാടികളില്ലാത്തതിനാല്‍ രക്ഷിതാക്കള്‍ക്ക് കുട്ടികളെ ഇവിടെ എത്തിക്കുകയേ വഴിയുള്ളൂ. വളരെ കഷ്ടപ്പെട്ടാണ് കുട്ടികളെല്ലാം ഇവിടേക്ക് എത്തുന്നത്.

സമീപത്തുള്ള പഞ്ചായത്തിന്‍റെ തന്നെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്തേക്ക് അംഗൻവാടി മാറ്റി സ്ഥാപിക്കണമെന്നാണ് രക്ഷിതാക്കളുടെയും വാര്‍ഡ് മെമ്പറുടേയും ആവശ്യം. നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ എൻകെ പ്രേമചന്ദ്രൻ എംപി പത്ത് ലക്ഷം രൂപ അംഗൻവാടി മാറ്റി സ്ഥാപിക്കാൻ അനുവദിച്ചു.

പക്ഷേ അംഗൻവാടി മാറ്റാൻ തൃക്കരുവ പഞ്ചായത്ത് ഭരണസമിതി അംഗീകാരം നല്‍കിയില്ല. എംപി ഫണ്ട് ഉപയോഗിച്ച് ഈ സ്ഥലത്ത് തന്നെ അംഗൻവാടി പുതുക്കിപ്പണിയാം എന്ന നിലപാടിലാണവര്‍. രക്ഷിതാക്കളും പഞ്ചായത്ത് മെമ്പറും പറയുന്ന പഞ്ചായത്തിന്‍റെ സ്ഥലത്ത് പുതിയ നിര്‍മ്മാണം നടത്തിയാല്‍ നിയമപ്രശ്നത്തിലേക്ക് പോകുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രശേഖരപിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios