പേരാവൂര്‍: കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫ.തോമസ് ജോസഫ് തേരകം അടക്കം മൂന്ന് പ്രതികള്‍ കീഴടങ്ങി. പേരാവൂര്‍ സിഐക്ക് മുന്നിലാണ് വയനാട്ടിലെ ശിശുക്ഷേമ സമിതി മുന്‍ അദ്ധ്യക്ഷന്‍ കൂടിയായ തേരകം കീഴടങ്ങിയത്. ഇതിന് പിന്നാലെയാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ സിഡബ്യൂസി അംഗമായ സിസ്റ്റർ ബെറ്റി, ദത്തെടുക്കല്‍ കേന്ദ്രം ചുമതലക്കാരി സിസ്റ്റർ ഒഫീലിയ എന്നിവര്‍ കീഴടങ്ങാന്‍ എത്തിയത്.

നേരത്തെ തേരകത്തിന്‍റെ അടക്കം മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിച്ച ഹൈക്കോടതി തേരകത്തോടും മറ്റും പ്രതികളോടും അഞ്ച് ദിവസത്തിനകം കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികൻ റോബിൻ വടക്കുംചേരി ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. കീഴടങ്ങാന്‍ എത്തിയവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വക്കീലിനോടൊപ്പമാണ് പ്രതികള്‍ കീഴടങ്ങാന്‍ എത്തിയത്. ഇവരെ ഇന്നു തന്നെ ജാമ്യത്തില്‍ എടുക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്.