കോട്ടയം: കോട്ടയത്ത് ദമ്പതികളെ കാണാതായി പന്ത്രണ്ടു ദിവസമായിട്ടും പൊലീസിന്റെയും ബന്ധുക്കളുടെയും അന്വേഷണത്തില്‍ തുമ്പൊന്നും കിട്ടിയില്ല. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അയല്‍ സംസ്ഥാനങ്ങളിലടക്കം തിരിച്ചില്‍ നടത്തിയിരുന്നു. കോട്ടയം അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിമിനെയും ഭാര്യ ഹബീബയെയും ഈ മാസം ആറിനാണ് കാണാതായത്. മക്കള്‍ക്ക് ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞാണ് പുതിയ കാറില്‍ ഇരുവരും വീടു വിട്ടിറങ്ങിയത്. 

എന്നാല്‍ വീട് വിട്ടിറങ്ങിയ ഇവര്‍ പുലര്‍ച്ചെയായിട്ടും മടങ്ങിയെത്തിയില്ല. മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡുകളും ദമ്പതികള്‍ എടുത്തിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി നൂറിലധികം സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. എന്നാല്‍ വീടിന് സമീപത്തുള്ള സ്ഥലത്തു കൂടി കാര്‍ കടന്നു പോകുന്നതിന്റെ ഒരു ദൃശ്യം മാത്രമാണ് കിട്ടിയത്. 

തമിഴ്‌നാട്ടിലെ അടക്കം പള്ളികളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും പൊലീസെത്തി. ഈ തിരച്ചലില്‍ ഒന്നും കാര്യമായ തെളിവ് കിട്ടിയില്ല. ഹബീബയുടെ സഹോദരന്‍ ഷിഹാബ് സ്വന്തം നിലയില്‍ കാസര്‍കോട്ടും പൊന്നാനയിലുമൊക്കെ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. നേരത്തെ അപകടം പറ്റിയതാകാമെന്ന സാധ്യത കണക്കിലെടുത്ത് മീനച്ചിലാറ്റില്‍ പൊലീസും അഗ്‌നിശമന സേനയും തിരച്ചില്‍ നടത്തിയിരുന്നു. 

പുതിയ സാഹചര്യത്തില്‍ ആറ്റിലും കായലിലും വീണ്ടും തിരച്ചില്‍ നടത്താന്‍ പൊലീസ് ആലോചിക്കുന്നു. മാതാവിന്റെ മരണശേഷം ഹാഷിം മാനസികാ അസ്വാസ്ഥ്യം കാട്ടിയിരുന്നു. എന്നാല്‍ വീടു വിട്ടു പോകുന്ന സമയത്ത് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.