കൊച്ചി: വൈദികള്‍ മുഖ്യപ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിലെ മറ്റ് നാലുപ്രതികള്‍ അഞ്ചുദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി.വൈദികരും കന്യാസ്‌ത്രീകളുമായ പ്രതികളെ അന്നേദിവസം തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നും ഉത്തരവിലുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ വൈദികരെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും കുറ്റം മറയ്‌ക്കാന്‍ ശ്രമിച്ചെന്നുമാണ് കൂട്ടുപ്രതികള്‍ക്കെതിരായ ആരോപണം.
വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ തോമസ് തേരകം, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ബെറ്റി, തങ്കമ്മ എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ ഹര്‍ജിയില്‍ വാദം കേട്ട കോടതി അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാന്‍ നിര്‍ദേശിച്ചു.
ഹാജരാകുന്ന അതേ ദിവസം തന്നെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കണം. കീഴക്കോടതി അന്നേദിവസം തന്നെ നാലുപേര്‍ക്കും ഉപാധികളോടെ ജാമ്യം നല്‍കണമെന്നും ഉത്തരവിലുണ്ട്. പ്രതികളുടെ പ്രായം പരിഗണിച്ചാണ് തീരുമാനമെന്ന് വ്യക്തമാക്കിയ കോടതി പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമോയെന്ന സംശയവും പ്രകടിപ്പിച്ചു.
ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളേ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് കാണുന്നുളളു. അവയില്‍ പലതും തന്നെ പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. ജാമ്യത്തിനുശേഷം തിങ്കള്‍, വെളളി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം,പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം തുടങ്ങിയ വ്യവസ്ഥകളും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
