തിരുവനന്തപുരം: കോവളം കൊട്ടാരവിഷയത്തിൽ റവന്യൂ വകുപ്പ് വീണ്ടും നിയമോപദേശം തേടും . ഉടമസ്ഥാവകാശം ഉറപ്പിക്കാൻ സിവിൽ കേസ് നല്‍കുന്നതിനെക്കുറിച്ചാണ് നിയമോപദേശം തേടുന്നത് . അതേ സമയം ഉടനടി കേസ് കൊടുക്കുന്നതിനെ ചൊല്ലി വകുപ്പിൽ ആശയക്കുഴപ്പമുണ്ട്. കോവളം കൊട്ടാരം രവി പിള്ളയുടെ ഹോട്ടൽ ഗ്രൂപ്പിന് കൈമാറാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല.
കൈമാറുന്നതിനൊപ്പം ഉടമസ്ഥാവകാശം ഉറപ്പിക്കാൻ കേസ് കൊടുക്കണമെന്നതായിരുന്നു റവന്യൂ വകുപ്പ് നിലപാട് .എന്നാൽ കൈമാറാനുള്ള തീരുമാനം പുനപരിശോധിക്കുന്ന വേളയിൽ കേസെന്നാണ് മന്ത്രിസഭാ തീരുമാനം . നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സിവിൽ കേസ് കൊടുക്കണമെന്ന നിലപാട് നേരത്തെ റവന്യൂ വകുപ്പ് കൈക്കൊണ്ടത്.
മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ നിയമവിദഗ്ധരുമായി കോവളം കൊട്ടാര വിഷയം റവന്യൂ വകുപ്പ് അനൗദ്യോഗികമായി ചര്‍ച്ച ചെയ്തു . സര്‍ക്കാര്‍ ഉത്തരവ് വന്നാലുടൻ ഔദ്യോഗികമായി നിയമോപദേശം തേടും .എന്നാൽ കൈമാറുന്നതിനൊപ്പം കേസ് കൊടുക്കണമോയെന്നതിൽ റവന്യൂ വകുപ്പിൽ ആശയക്കുഴപ്പമുണ്ട്.
സ്വന്തം നിലയിൽ കേസ് നല്‍കി തിരിച്ചടിയുണ്ടായാൽ അതിന്‍റെ ഉത്തരവാദിത്തം വകുപ്പിന് മാത്രമാകുമെന്നതാണ് പ്രശ്നം. കൈവശാവകാശം പോരെന്ന് വാദവുമായി ആര്‍.പി ഗ്രൂപ്പ് കോടതിയെ സമീപിക്കുമോയെന്നതറിയാൻ കാത്തിരിക്കണമെന്നും അഭിപ്രായമുണ്ട്. അതേ സമയം കൊട്ടാരവും അനുബന്ധ ഭൂമിയും രവിപിള്ളയ്ക്ക് കൈമാറിയ തീരുമാനത്തെ സി.പി.ഐ നേതൃത്വം പൂര്‍ണമായും ന്യായീകരിക്കുകയാണ്.
