ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപ് സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയാണെന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി വലിയ തോതിൽ പണമിടപാടുകൾ നടന്നിട്ടുണ്ട്. സ്പായിൽ എത്തിയ ഇടപാടുകാരെ കണ്ടെത്താനും പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ മനുഷ്യക്കടത്തിന് കേസെടുക്കാനും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

തിരുവനന്തപുരം. കോവളം സ്പാ കേസിൽ അറസ്റ്റിലായ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപ് സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്നാണ് പൊലീസ് കണ്ടെത്തൽ. അനുരൂപിന് പല സ്പാകളുടെയും നടത്തിപ്പിൽ പങ്കാളിത്തമെന്നാണ് പോലീസ് നിഗമനം. ഹെൽത്ത് ഇൻസ്പെക്ടർ എന്ന ജോലി വഴി ലഭിച്ച ബന്ധങ്ങൾ വഴിയാണ് സ്പാ ബിസിനസ്സിൽ ഇറങ്ങുന്നത്. ഡ്രീം സ്പാ എന്ന കോവളത്തെ സ്ഥാപനം തുടങ്ങാൻ നിഷാന്തിനെ പ്രേരിപ്പിച്ചതും അനുരൂപാണ്. പുറത്തു നിന്ന് സ്ത്രീകളെ കൊണ്ട് വരുന്നതിലും സുപ്രധാന റോൾ ഇയാൾക്കാണ്. അനുരൂപിന്റെ നാല് ബാങ്ക് അകൗണ്ടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി വലിയ തോതിൽ പണം എത്തിയി‌ട്ടുണ്ട്.

സ്പായിൽ എത്തി യുവതികളെ പീഡിപ്പിച്ചവരിലേക്കും അന്വേഷണ സംഘം നീളുകയാണ്. ഇടപാടുകാരുടെ വിവരങ്ങൾ സൈബർ സംഘത്തിനു കൈമാറിയി‌ട്ടുണ്ട്. ജി പേ വിവരങ്ങൾ, ഫോൺ നമ്പറുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ കൈമാറി. രണ്ട് ആഴ്ചയിലെ സി സി ടി വി ദൃശ്യങ്ങളാണ് ഉള്ളത്. ഇവരെ തിരിച്ചറിയൽ പരേഡിന് വിധേയനാക്കും. പെൺകുട്ടി തിരിച്ചറിയുന്നവർക്കെതിരെ പോക്സോ അടക്കം വകുപ്പുകൾ ചുമത്തും. പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ മനുഷ്യക്കടത്തിനും കേസ് എടുക്കും.