തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം കിരീടം വീണ്ടും കോഴിക്കോടിന്. തുടര്‍ച്ചയായി 12 വര്‍ഷമാണ് കോഴിക്കോട് കീരിട നേട്ടം സ്വന്തമാക്കുന്നത്. 899 പോയിന്റ് നേടിയാണ് കോഴിക്കോട് ജില്ലയുടെ കിരീടനേട്ടം. 893 സ്വന്തമാക്കി പാലക്കാട് രണ്ടാമതും 875 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്.

865 പോയിന്റ് നേടി കണ്ണൂരാണ് അഞ്ചാം സ്ഥാനത്ത് ഉള്ളത്. സ്വന്തം മണ്ണില്‍ നടക്കുന്ന മത്സരത്തില്‍ 864 പോയിന്റുമായി തൃശൂരാണ് അഞ്ചാം സ്ഥാനത്ത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. 

12 തവണ സ്വര്‍ണ കിരീടം ചൂടിയ കോഴിക്കോട് ഒരു തവണ മാത്രമാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. 2015 ല്‍ പാലക്കാടും കോഴിക്കോടും ഒരേ പോയിന്റ് നേടി. എന്നാല്‍ മൂന്നാം തവണയാണ് പാലക്കാടിന് കിരീടം നഷ്ടമാകുന്നത്. 2004 മുതലാണ് കോഴിക്കോടിന്റെ തുടര്‍ച്ചയായ കിരീടനേട്ടം. 1991, 1992, 1993 എന്നീ വര്‍ഷങ്ങളില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി കോഴിക്കോട് കിരീടം സ്വന്തമാക്കിയിരുന്നു.

അതേസമയം കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ഏറ്റവുമധികം അപ്പീല്‍ ലഭിച്ചത് ഈ വര്‍ഷത്തെ കലോത്സവത്തിലാണ്. ഇത് ഒഴിവാക്കാന്‍ വരുന്ന വര്‍ഷം മുതല്‍ അപ്പീലുകള്‍ അനുവദിക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ ഭാഗവും കേള്‍ക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നു. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചതിന് സമാനമായി നേരത്തെ നിശ്ചയിച്ച സമയത്തിനും മണിക്കൂറുകള്‍ വൈകിയാണ് പരിപാടികള്‍ തുടങ്ങിയതും പൂര്‍ത്തിയായതും. ഇത് പലപ്പോഴും മേളയുടെ നടത്തിപ്പു തന്നെ അവതാളത്തിലാക്കി. പല നിയന്ത്രണങ്ങളും കൊണ്ടുവന്നെങ്കിലും അപ്പീലുകളുടെ ഒഴുക്ക് തടയാന്‍ സാധിച്ചിരുന്നില്ല.