കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ഒന്നര വയസ്സുകാരിയായ മകളുടെയും മൃതദേഹം കണ്ടെത്തി. കോഴിക്കോട് കനോലി കനാലില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പാണ് കുന്നമംഗലം കളരിപ്പടിയിലെ വീട്ടില്‍ ഷാഹിദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റം സമ്മതിച്ച ഷാഹിദയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടുകാരെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ എത്തി നോക്കിയപ്പോഴാണ് ഷാഹിദയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടത്. ഇരു കാലുകളിലും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. അന്ന് മുതല്‍ ഭര്‍ത്താവ് മുഹമ്മദ് ബഷീറിനെയും ഒന്നര വയസ്സുകാരി മകളെയും കാണാനില്ലായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. 

പൊലീസ് ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടിയ ശേഷം ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഇയാള്‍ സമ്മതിച്ചു. സ്വന്തം കുഞ്ഞല്ല എന്ന സംശയത്തിന്റെ പേരിലാണ് ഇയാള്‍ ഭാര്യയെയും ഒന്നര വയസ്സുകാരിയായ മകള്‍ മിസ്‌റിയയെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ചേവായൂര്‍ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.