ദില്ലി: കെപിസിസിക്ക് ഇടക്കാല പ്രസിഡന്റിനെ നിയമിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സോണിയ ഗാന്ധി മടങ്ങി എത്തിയ ശേഷമേ വി എം സുധീരന്റെ രാജി അംഗീകരിക്കൂ. താല്‍ക്കാലിക പ്രസിഡന്റിനെ നിയമിച്ച് സംഘടനാതെരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനം വി എം സുധീരന്‍ രാജി വച്ചുവെങ്കിലും എഐസിസി രാജി ഇതുവരെയും സ്വീകരിച്ചിട്ടില്ല.
ചികിത്സക്കായി വിദേശത്ത് പോയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ദില്ലിയില്‍ മടങ്ങിയെത്തിയ ശേഷമേ രാജിക്ക് അംഗീകാരം നല്‍കു. ഇതിന് ശേഷം ഇടക്കാല പ്രസിഡന്റെ നിയമിക്കുമെന്ന് ഹൈക്കമാന്‍ഡ് വ്യത്തങ്ങള്‍ സൂചിപ്പിച്ചു. സംഘടനാതെരഞ്ഞെടുപ്പ് വരെ ഇടക്കാല സംവിധാനം തുടരും. ഉടന്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഹൈക്കമാന്‍ഡ് സൂചന നല്‍കുന്നെങ്കിലും അത് വൈകാന്‍ തന്നെയാണ് സാധ്യത. അപ്പോള്‍ താല്‍ക്കാലിക സംവിധാനം എന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തോട് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് താല്‍പര്യമില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങേണ്ട സമയമായതിനാല്‍ സ്ഥിരം സംവിധാനം വേണ്ടെന്ന് എംപിമാര്‍ രാഹുല്‍ ഗാന്ധിയെക്കണ്ട് ആവശ്യപ്പെട്ടു. ഒരുവട്ടം കൂടി രാഹുല്‍ ഗാന്ധിയെ കാണാന്‍ എംപിമാര്‍ ശ്രമിക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനം കൂടുതല്‍ കാലം ഒഴിഞ്ഞ് കിടക്കാന്‍ സാധ്യതയില്ലാത്തിനാല്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
