കെപിസിസി പുന:സംഘടന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രം.

ദില്ലി: കെപിസിസി പുന:സംഘടന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രം. ദില്ലിയില്‍‌ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. തെരഞ്ഞെടുപ്പിന് മുൻപ് പുനഃ സംഘടന നടത്തിയാൽ ഭിന്നത ഉണ്ടാകും എന്നത് കണക്കിലെടുത്താണ് തീരുമാനം.

പ്രചരണം, ഏകോപനം, സ്ഥാനാര്‍ഥി നിര്‍ണയം, മാധ്യമ കമ്മിറ്റികള്‍ എന്നിവയ്ക്ക് രൂപം നല്‍കും. സമിതികളിലേക്ക് പേരുകൾ നിർദേശിക്കാൻ കെപിസിസി ആവശ്യപ്പെട്ടു. കമ്മിറ്റി പ്രഖ്യാപനം രാഹുൽ ഗാന്ധി വിദേശ പര്യടനം കഴിഞ്ഞു എത്തിയ ശേഷം മാത്രമായിരിക്കുമെന്നും യോഗത്തില്‍ തീരുമാനമായി. 

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പ്രാഥമിക ചർച്ചയ്ക്കായാണ് കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ ദില്ലിയിൽ എത്തിയത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ മുരളീധരൻ എന്നിവരാണ് കേരളത്തിന്‍റെ ചുമതലയുള്ള മുകുൾ വാസ്നിക്കിനെ കണ്ടത്. തെരഞ്ഞെടുപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിക്കുന്നത് സംബന്ധിച്ചു കെപിസിസി തയാറാക്കിയ പട്ടിക ഹൈകമന്‍ഡ് അംഗീകരിച്ചു. സ്ഥാനാർഥി നിർണയ ചർച്ച കേരളത്തിൽ പൂർത്തിയാക്കിയ ശേഷം വീണ്ടും നേതാക്കൾ ദില്ലിയിൽ എത്തും.

സംസ്ഥാനത്ത് ഫെബ്രുവരി 20 നു മുൻപ് സ്ഥാനാർഥികളെ നിശ്ചയിക്കുമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. സംഘടന ചുമതലയുള്ളവർ മത്സരിക്കുന്ന കാര്യം ഹൈകമാന്‍ഡ് തീരുമാനിക്കും.