അനുഭവങ്ങള്‍ വിവരിച്ച് തൂത്തുകുടി സമര നേതാവ് ഇതിനു മുമ്പും കമ്പനി അടച്ചു പൂട്ടിയിട്ടുണ്ട്
തിരുവനന്തപുരം: സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിനെ തുടർന്ന് പൂട്ടിയ തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കമ്പനി തുറക്കാൻ സർക്കാരിനു മേൽ സമ്മർദ്ദമുണ്ടെന്ന് സമര സമിതി നേതാവ് കൃഷ്ണമൂർത്തി കിട്ടു. തിരുവനന്തപുരത്ത് വിനാശ വികസനവും പ്രതിരോധത്തിന്റെ പുനർചിന്തയും എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തിയ കൃഷ്ണമൂർത്തി കിട്ടു വികസനത്തിന്റെ പേരിൽ ബലിയാടായ തൂത്തുക്കുടിക്കാരുടെ അനുഭവങ്ങള് വിശദീകരിച്ചു. പ്ലാന്റിനെതിരെ സമരം ചെയതപ്പോൾ നേരിടേണ്ടി വന്ന പീഡനങ്ങൾ എണ്ണി എണ്ണി പറഞ്ഞ അദ്ദേഹം പോരാട്ടങ്ങള് തുടരുമെന്നും വ്യക്തമാക്കി.
ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവയ്പില് പൊലീസ് ആളുകളെ തിരഞ്ഞ് പിടിച്ച് വെടിവയ്ക്കുകയായിരുന്നു. ആളുകളെ ചിതറിയോടിക്കാനായി വെടിവച്ചതാണെങ്കില് അവര് മുട്ടിന് മുകളിലേക്ക് വെടിവച്ചത് എന്തിനായിരുന്നു. തലയില് വരെ വെടിയേറ്റവര് തൂത്തൂക്കുടി പ്രക്ഷോഭത്തില് രക്തസാക്ഷികള് ആയിട്ടുണ്ട്.
ബിസ്കറ്റും വെള്ളവുമായിരുന്നു ഞങ്ങളുടെ കൈകളില് ഉണ്ടായിരുന്നത്. പെട്ടന്നൊരു ദിവസം ആരംഭിച്ച സമരമല്ല തൂത്തുക്കുടിയിലേത്. പ്രക്ഷോഭങ്ങള്ക്ക് ഒരു രാഷ്ട്രീയ പാര്ട്ടിയുടെയും പിന്തുണ ഇല്ലായിരുന്നു. കുടിവെള്ളം, ശുദ്ധവായുവും മലിനപ്പെട്ട് നിലനില്പ് തന്നെ ചോദ്യമായതോടെയാണ് സാധാരണക്കാര് നിരത്തില് ഇറങ്ങിയതെന്നും കൃഷ്ണമൂർത്തി കിട്ടു പറഞ്ഞു. കേരളീയം മാഗസിന്റെ പ്രത്യേക പതിപ്പ് പ്രകാശന ചടങ്ങിനെത്തിയതായിരുന്നു കൃഷ്ണമൂർത്തി കിട്ടു.
