ഒഴിവുകള്‍ യഥാസമയം പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ഒളിച്ച് കളി നടത്തി കെ സ് ഇ ബി. കാഷ്യര്‍ തസ്തികയിലേക്ക് 2012നുശേഷം ഒരു ഒഴിവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 497 ഒഴിവുകള്‍ മറച്ച് വെച്ചിട്ടുണ്ടെന്നാണ് ഒരു ഉദ്യോഗാര്‍ത്ഥിയുടെ ചോദ്യത്തിന് ലഭിച്ച വിവരാകാശ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നത്.
കെഎസ്ഇബി, കെഎസ്എഫ്‌ഇ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ നിന്നുമാണ് കെ എസ് ഇ ബി കാഷ്യര്‍ തസ്തികയിലേക്ക് നിയമനം നടത്തേണ്ടത്. എന്നാല്‍ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തത് മൂലം 2014ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് ഒരാള്‍ക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഒഴുവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യണമെന്ന ഇടത് സര്‍ക്കാര്‍ നയം കെ സ് ഇ ബി നടപ്പാക്കാത്തതിനാല്‍ നൂറ് കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാകുന്നത്.
ലൈന്‍മാന്‍, മസ്ദൂര്‍ ജീവനക്കാര്‍ക്ക് അനധികൃത സ്ഥാനക്കയറ്റം നല്‍കി കാഷ്വര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നുവെന്ന ആക്ഷേപവും ഉണ്ട്. വൈദ്യുതി മന്ത്രിയും സംസ്ഥാന സര്‍ക്കാറും അടിയന്തരമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.
