മരിച്ചത് പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ നസറുദ്ദീൻ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: സ്ഥലം മാറ്റിയതിൽ മനംനൊന്ത് കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. തെൻമല ഇടമൺ സ്വദേശി നസറുദ്ദീനാണ് മരിച്ചത്. ഇദ്ദേഹത്തെ കെഎസ്ആർടിസിയുടെ പുനലൂർ ഡിപ്പോയിൽ നിന്നും പത്തനംതിട്ടയിലേക്ക് ഇന്നലെ മാറ്റിയിരുന്നു. മൂന്ന് മാസം മുൻപ് പുനലൂര്‍ ഡിപ്പോയിലെ ഡ്രൈവറായിരുന്ന നസറുദ്ദീനെ കണ്ണൂരേക്ക് സ്ഥലം മാറ്റിയിരുന്നു. ദിവസങ്ങള്‍ക്കകം പത്തനംതിട്ടയിലേക്ക് മാറ്റി.

ഒരു മുന്നറിയിപ്പുമില്ലാതെ അടിക്കടി സ്ഥലംമാറ്റുന്നതില്‍ നസറുദ്ദീൻ പ്രതിഷേധിച്ചിരുന്നു. ഹൃദയസംബന്ധമായ അസുഖവും പ്രായാധിക്യവും ചൂണ്ടിക്കാട്ടി തന്നെ പുനലൂരേക്ക് മാറ്റണമെന്ന് കാണിച്ച് ഇദ്ദേഹം അധികൃതര്‍ക്ക് കത്ത് നല്‍കി. എടിഒയെ നേരിട്ട് കണ്ട് കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ പുനലൂര്‍ ഡിപ്പോയില്‍ പോകുന്നെന്ന് പറ‍ഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ നസറുദ്ദീൻ ആയിരനെല്ലൂര്‍ പാലത്തിനോട് ചേര്‍ന്ന ഷെഡ്ഡില്‍ തൂങ്ങിമരിച്ചു.

മൃതദേഹം പരിശോധിച്ചെ തെൻമല എസ്ഐ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. കെഎസ്ആര്‍ടിസി പുനലൂര്‍ ഡിപ്പോയിലെ എടിഒ അജീഷ് കുമാറാണ് തന്‍റെ മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിലെഴുതിയിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.