പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം വഴിമുട്ടിയ മുന്‍ കെ.എസ്.ആ‍ര്‍.ടിസി ജീവനക്കാരെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് പരമ്പര 'ജീവിതം കട്ടപ്പുറത്ത്' അധികാരികളുടെ കണ്ണു തുറപ്പിച്ചു. രോഗം കാരണം ബുദ്ധിമുട്ടുന്ന പെഷന്‍കാരുടെ വിവര ശേഖരണം നടത്തി ഉടന്‍ അറിയിക്കാന്‍ എം.ഡി. എ.ഹേമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്ക് മുന്‍ഗണ നല്‍കി സഹായം നല്‍കാനാണ് തീരുമാനം. 

ജീവത്തിന്റെ നല്ല കാലമെല്ലാം ചെലവഴിച്ച സ്ഥാപനം ജീവിത സായാഹ്നത്തില്‍ കൈയൊഴിയുമ്പോള്‍ വിറയാര്‍ന്ന വാക്കുകള്‍ മാത്രമാണ് ബാക്കി. അവരുടെ ഓരോ വാക്കും ചെന്നു പതിച്ചത് സമൂഹമാ മനഃസാക്ഷിക്കുമുന്നിലാണ്. രോഗം മൂലം കഷ്‌ടത അനുഭവിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയെ തുടര്‍ന്ന് പല കോണുകളില്‍ നിന്നും സഹായമെത്തിയിരുന്നു. ഒടുവില്‍ ഈ കണ്ണുനീരൊപ്പാന്‍ കെ.എസ്.ആര്‍.ടി.സിയും തീരുമാനിച്ചു. പെന്‍ഷന്‍കാരില്‍ രോഗം ബാധിച്ച് കിടപ്പലായവര്‍, ക്യാന്‍സ‍ര്‍പോലുള്ള മാകര രോഗം ബാധിച്ചവര്‍ എന്നിവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഉടന്‍ കൈമാറാനാണ് എം.ഡി ഹേമചന്ദ്രന്‍, യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിദ്ദേശം നല്‍കിയിരിക്കുന്നത്. എല്ലാവര്‍ക്കുമായി പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ 120 കോടിവേണം. ഇതിന് സര്‍ക്കാര്‍ സഹായം തേടിയിരിക്കുകയാണ് കെ.എസ്.ആ.ടിസി. പക്ഷെ രോഗികളായവര്‍ക്ക് മുന്‍ഗണന നല്‍കി അവര്‍ക്കുള്ള പെന്‍ഷന്‍ കുടിശിക ഉടന്‍ നല്‍കാനാണ് തീരുമാനമെന്ന് എ.ഹേമചന്ദ്രന്‍ പറഞ്ഞു.