താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള പ്രതിസന്ധി തുടരുന്നു. വരുമാനത്തില്‍ കുറവില്ലെന്ന് കെ എസ് ആര്‍ ടി സി. ഇന്നലെ വരുമാനം 7 കോടി കവിഞ്ഞു. 

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട ശേഷമുള്ള പ്രതിസന്ധി തുടരുകയാണ്. ഇന്ന് 963 സര്‍വ്വീസുകള്‍ മുടങ്ങി. വരുമാനത്തില്‍ ഇടിവില്ലെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. പുതുതായി നിയമനം ലഭിച്ച കണ്ടക്ടര്‍മാരെ അന്യ ജില്ലകളില്‍ നിയോഗിക്കുന്നതിനെച്ചൊല്ലി വിവാദം മുറുകുകയാണ്.

താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട ശേഷം അഞ്ച് ദിവസങ്ങള്‍ പിന്നിട്ടു. തിരുവനന്തപുരം മേഖലയില്‍ 353ഉം, എറണാകുളം മേഖലയില്‍ 449ഉം, കോഴിക്കോട് മേഖലയില്‍ 161ഉം അടക്കം 963 സര്‍വ്വീസുകളാണ് ഇന്ന് മുടങ്ങിയത്. 998 സര്‍വ്വീസുകള്‍ മുടങ്ങിയ ഇന്നലെ വരുമാനം ഏഴുകോടി 7,23,696 രൂപയാണ് വരുമാനം. ഹര്‍ത്താലിന് മുമ്പുള്ള വെള്ളിയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ലക്ഷത്തോളം രൂപയുടെ വര്‍ദ്ധനയാണിത്. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളില്‍ സര്‍വ്വീസുകള്‍ പുനക്രമീകരിച്ചതാണ് വരുമാന വര്‍ദ്ധനക്ക് സഹായമായതെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. 

പി എസ് സി ലിസ്റ്റില്‍ നിന്നും നിയമിച്ച കണ്ടക്ടര്‍മാരെ എത്രയും പെട്ടെന്ന് പരിശീലനം പൂര്‍ത്തിയാക്കി ബസ്സുകളില്‍ നിയോഗിക്കാനാണ് നീക്കം. ഭൂരിഭാഗം പേര്‍ക്കും അന്യജില്ലകളില്‍ നിയമനം നല്‍കിയതിനെതിരെ തൊഴിലാളി യൂണിയനുകള്‍ രംഗത്തെത്തി. കേരളത്തില്‍ എവിടെയും ജോലി ചെയ്യാന്‍ ജീവനക്കാര്‍ ബാധ്യസ്ഥരാണെന്നാണ് കെഎസ്ആര്‍ടിസി എം ഡിയുടെ വിശദീകരണം.