കെ എസ് ആര്‍ ടി സി ഡീസല്‍ വാങ്ങിയതിന് 123 കോടി രൂപയിലേറെ കുടിശ്ശിക വരുത്തിയതോടെയാണ് ഇന്നലെ മുതല്‍ ഡീസല്‍ വിതരണം താത്കാലികമായി ഐ ഒ സി നിര്‍ത്തിയത്. 2.75 കോടി രൂപയുടെ ഡീസല്‍ കെ എസ് ആര്‍ ടി സി ക്ക് ഒരു ദിവസത്തെ പ്രവര്‍ത്തനത്തിന് വേണം. ആ തുക പോലും നല്‍കാനാകാതെ വന്നതോടെയാണ് ഡീസല്‍ വിതരണം ഐ ഒ സി നിര്‍ത്തിയത്. നിലവില്‍ നല്‍കുന്ന പണത്തിനുള്ള ഡീസല്‍ വിതരണം ചെയ്താല്‍ മതിയെന്നാണ് ഐ ഒ സി തീരുമാനം. രാവിലെ മുതല്‍ തന്നെ ഡിപ്പോകളില്‍ കടുത്ത ഡീസല്‍ ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി. ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്ന് പകുതി സര്‍വ്വീസുകള്‍ മാത്രമാണ് നടത്താനായത്. അടൂരില്‍ 2 ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉള്‍പ്പടെ 15 സര്‍വ്വീസുകള്‍ മുടങ്ങി. പ്രധാനമായും മധ്യ തിരുവിതാംകൂറിലെ ഡിപ്പോകളെയാണ് ഡീസല്‍ ക്ഷാമം ബാധിച്ചത്. കോട്ടയം ഉള്‍പ്പടെയുള്ള പ്രധാന ഡിപ്പോകളില്‍ നിന്ന് അടുത്ത ഡിപ്പോ വരെ എത്താനുള്ള ഡീസല്‍ മാത്രമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. സ്വകാര്യ പമ്പുകളെയാണ് ബദല്‍ സംവിധാനമായി കെ എസ് ആര്‍ ടി സി ആശ്രയിക്കുന്നത്. ഡീസല്‍ കുടിശ്ശിക ഉടന്‍ തീര്‍ക്കാനായില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. ഐ ഒ സിക്ക് പണം നല്‍കാന്‍ ഉടന്‍ സംവിധാനം ഒരുക്കുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. ഇപ്പോഴത്തേത് താത്കാലിക പ്രതിസന്ധിയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.