തമിഴ്നാട് ട്രാൻസ് പോർട്ട് ബസ്സുകൾക്ക് പമ്പയിലേക്ക് പോകാൻ അനുമതി കൊടുത്ത സർക്കാർ തീരുമാനത്തിൽ കെ എസ് ആര്‍ ടി സി എംഡി ടോമിൻ ജെ തച്ചങ്കരി വിയോജിപ്പു പ്രകടിപ്പിച്ചു.
പമ്പ: തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾക്കും പമ്പയിലേക്ക് സർവീസിന് അനുമതി നൽകിയതോടെ, നിലക്കൽ പമ്പ റൂട്ടിൽ കെ എസ് ആര്‍ ടി സിയുടെ കുത്തക നഷ്ടമായി. മകരവിളക്ക് കണക്കിലെടുത്ത് 900 ബസ്സുകൾ അധികമായി സർവ്വീസ് നടത്താനാണ് കെ എസ് ആര്‍ ടി സി ലക്ഷ്യമിടുന്നത്.
അനുമതി ലഭിച്ച ആദ്യ ദിനം 11 തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾ പമ്പയിലെത്തി. എന്നാൽ നിലക്കൽ പമ്പ ചെയിൻ സർവ്വീസ് നടത്താൻ ഈ ബസുകൾക്ക് അനുവാദമില്ല. തമിഴ്നാട് ട്രാൻസ് പോർട്ട് ബസ്സുകൾക്ക് പമ്പയിലേക്ക് പോകാൻ അനുമതി കൊടുത്ത സർക്കാർ തീരുമാനത്തിൽ കെ എസ് ആര്‍ ടി സി എംഡി ടോമിൻ ജെ തച്ചങ്കരി വിയോജിപ്പു പ്രകടിപ്പിച്ചു.
തമിഴ്നാടിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളും സമാന ആവശ്യവുമായി വന്നാൽ കെ എസ് ആര്‍ ടി സിയുടെ വരുമാനത്തെ ബാധിക്കും. അതിനിടെ മകരവിളക്ക് കണക്കിലെടുത്ത് പമ്പയിൽ നിന്ന് 900 ബസുകൾ കൂടെ അധികമായി ഓടിക്കാൻ കെ എസ് ആര്‍ ടി സി തീരുമാനമെടുത്തു. നിലവിൽ 400 ബസുകളാണ് സർവ്വീസ് നടത്തുന്നത്.
നിലക്കൽ പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞാൽ ളാഹ, എരുമേലി, വടശ്ശേരിക്കര, ആങ്ങമൂഴി എന്നിവിടങ്ങളിൽ തീർത്ഥാടകരുടെ വാഹനം പാർക്ക് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തും. ഇവിടെ നിന്ന് കെ എസ് ആര്‍ ടി സി സർവ്വീസ് നടത്തും. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുമെന്ന് നിലക്കൽ എസ് ഒ അറിയിച്ചു. 3000 വാഹനങ്ങൾക്ക് അധികമായി പാർക്കിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.
