കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സം. കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് ഏഴാം വളവിലെ കുഴിയില്‍ വീണതിനെ തുടര്‍ന്നാണ് . വയനാട് പാതയില്‍ മൂന്നു മണിക്കൂറിലേറെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചത്. തിരുവനന്തപുരത്തുനിന്ന് മൈസുരുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു പുലര്‍ച്ചെ ഇതേ സ്ഥലത്ത് ഒരു കാറിന് തീപിടിച്ച് ഏറെനേരം ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചതിന് ശേഷമാണ് സ്‌കാനിയ ബസ് കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട് മൂന്നു മണിക്കൂറിനുശേഷമാണ് ബസ് നീക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്. പുലര്‍ച്ചെ കത്തിയ കാര്‍ വളവിന്റെ വശത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് ചുരം കയറാന്‍ ബുദ്ധിമുട്ടുണ്ട്. ബസിന്റെ പിന്‍ചക്രങ്ങള്‍ കുഴിയില്‍ അകപ്പെട്ടതിനെത്തുടര്‍ന്ന്, ബസിന്റെ പിന്‍വശം റോഡിലിടിച്ച നിലയിലാണ്.

ചിത്രത്തിന് കടപ്പാട്- ടി സി രാജേഷ് സിന്ധു/ഫേസ്ബുക്ക്