സമാന്തര സര്‍വീസ് നടത്തിയ വാഹനത്തേ അധികൃതര്‍ പിടിച്ചെടുത്തു. മനംനൊന്ത് വാഹന ഉടമ മരണപ്പെട്ടതായി ആരോപണം

തിരുവനന്തപുരം: സമാന്തര സര്‍വീസ് നടത്തിയ വാഹനത്തേ അധികൃതര്‍ പിടിച്ചെടുത്തു. മനംനൊന്ത് വാഹന ഉടമ മരണപ്പെട്ടതായി ആരോപണം. ഇന്നലെ രാവിലെ പാറശാലയില്‍ സമാന്തര സര്‍വീസ് നടത്തുകയായിരുന്ന ട്രാവല്‍സിനെ, പാറശാല ആശുപത്രി ജംഗ്ഷന് സമീപം വച്ച് കെഎസ്ആര്‍ടിസി സ്‌ക്വാഡ് തടഞ്ഞിരുന്നു.

തുടര്‍ന്ന് വാഹനത്തേ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുളത്തൂര്‍ മാറാടി സ്വദേശി സെല്‍വമണി (68) ന്റെ വാഹനമാണ് പിടിച്ചെടുത്തത്. വാഹനത്തിന്റെ ഉടമയായ സെല്‍വമണിയാണ് വാഹനത്തിന്റെ ഡ്രൈവര്‍. വാഹനം പിടിച്ചെടുത്ത ഉദ്യോഗസ്ഥരോട് സെല്‍വമണി ജീവിക്കാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ലാത്തത് കൊണ്ടാണ് വാഹനം നിരത്തിലിറക്കിയതെന്ന് പറഞ്ഞിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ വാഹനം വിട്ട് തരണമെങ്കില്‍ 3000 രൂപ പിഴ അടയ്ക്കണമെന്നും ഇല്ലാത്ത പക്ഷം വാഹനം വിട്ട് തരില്ലായെന്ന് ഉദ്യേഗസ്ഥര്‍ പറഞ്ഞു. 

ഇത്തരത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നിലധികം തവണ സെല്‍വമണിക്ക് അമിത പിഴ ഈടാക്കിയതായും പറയുന്നു. 3000 രൂപ പിഴ അടയ്ക്കാന്‍ യാതൊരു നിവര്‍ത്തിയുമില്ലായെന്ന് പറഞ്ഞ് വിഷമത്തോടെ വീട്ടിലേക്ക് മടങ്ങിയ സെല്‍വമണിക്ക് വഴിയില്‍ വച്ച് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ അവശനായി എത്തിയ സെല്‍വമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. 

മൃതദേഹം പാറശാല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. ഭാര്യ ഉഷ, അജു, അശ്വതി എന്നിവര്‍ മക്കളാണ്. സെല്‍വമണിയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാവിശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളും രംഗത്ത് എത്തിയിരിക്കുകയാണ്.