​ആഗസ്ത് ഒന്നിന് സര്‍വീസ് തുടങ്ങും ലോ ഫ്ളോര്‍ എസി ബസുകള്‍ ഉപയോഗിക്കും തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സര്‍വീസ് ഓരോ മണിക്കൂര്‍ ഇടവിട്ട് സര്‍വീസ്

തിരുവനന്തപുരം: ഇലക്ട്രിക് ബസിനും ഫ്ളൈ ബസിനും പിന്നാലെ ചില്‍ ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി. ​ബസ് സര്‍വീസുകളും റൂട്ടും ക്രമീകരിച്ച് വരുമാന വര്‍ധനവാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എംഡി പറഞ്ഞു. ചില്‍ ബസ് സര്‍വീസിന്‍റെ ലോഗോ തിരുവനന്തപുരത്ത് പുറത്തിറക്കി.

കെഎസ്.ആര്‍ടിസിക്ക് നിലവില്‍ 219 ലോ ഫ്ളോര്‍ എസി ബസുകളാണുള്ളത്. ഇതില്‍ ഏറിയ പങ്കും ഉപയോഗിക്കാതെ കിടക്കുകയാണ്. ഇത് പ്രയോജനപ്പെടുത്തിയാണ് ചില്‍ ബസ് സര്‍വ്വീസ് തുടങ്ങുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ രാവിലെ അഞ്ച് മുതല്‍ രാത്രി പത്തു വരെ ഓരോ മണിക്കൂര്‍ ഇടവേളകളില്‍ ബസ് സര്‍വീസുണ്ടാകും. 

രാ​ത്രി 10 ന് ശേഷം രണ്ട് മണിക്കൂര്‍ ഇടവേളകളില്‍ സര്‍വീസുണ്ടാകും. തിരുവനന്തപുരം എറണാകുളം, എറണാകുളം കോഴിക്കോട്, കോഴിക്കോട് കാസര്‍കോട് റൂട്ടുകളായാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ആഗസ്റ്റ് ഒന്നു മുതലാണ് ചില്‍ ബസ് സര്‍വീസ് തുടങ്ങുന്നത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടാകും. അടുത്ത് ആറു മാസത്തിനുള്ളില്‍ സൂപ്പര്‍ ഫാസ്റ്റ്, ഫാസറ്റ് പാസഞ്ചര്‍ ബസുകളും ഇതുപോലെ ക്രമീകരിക്കും. വരുമാനമില്ലാതെ ബസുകള്‍ കൂട്ടത്തോടെ സര്‍വ്വീസ് നടത്തുന്നത് ഇല്ലാതാക്കും. ചില്‍ ബസ്സ് സര്‍വീസ് തുടങ്ങുന്നതോടെ ലോ ഫ്ളോര്‍ എസി ബസുകളുടെ ഓപ്പറേഷന്‍ സെന്‍ററുകള്‍ തിരുവനന്തപുരം, എറണാകുളം,കോഴിക്കോട് ഡിപ്പോകളില്‍ മാത്രമായി ക്രമീകരിക്കും.