കെഎസ്ആർടിസി പണിമുടക്ക് പിൻവലിക്കില്ലെന്ന നിലപാടിലുറച്ച് സംയുക്ത സമര സമിതി.

കൊച്ചി: കെഎസ്ആർടിസി പണിമുടക്ക് പിൻവലിക്കില്ലെന്ന നിലപാടിലുറച്ച് സംയുക്ത സമര സമിതി. ഇന്ന് അർദ്ധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് നേതാക്കൾ വ്യക്തമാക്കി. പണിമുടക്ക് തടഞ്ഞുള്ള ഹൈക്കടോതി നിർദ്ദേശം മറികടന്നാണ് നീക്കം.

സംയുക്ത ട്രേഡ് യൂണിയന്‍ യോഗം ചേര്‍ന്നാണ് നിലപാട് വ്യക്തമാക്കിയത്. കോടതി വിധിയെ വെല്ലുവിളിക്കുന്നില്ല. ആര് ചര്‍ച്ചയ്ക്ക് വിളിച്ചാലും പോകും. എന്നാല്‍ പണിമുടക്ക് മാറ്റില്ല. സര്‍ക്കാരിനെ വിശ്വസിച്ചത് അബദ്ധമായിപ്പോയെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. നാളെ മുതൽ ഒത്തുതീർപ്പ് ചർച്ചയിൽ പങ്കെടുക്കാനാണ് തൊഴിലാളി യൂണിയനുകളോട് ഹൈക്കോടതി നിർദ്ദേശിച്ചത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.

കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനമാണ് കേൾക്കേണ്ടി വന്നത്. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചർച്ച നടത്തുന്നതെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു. കെഎസ്ആർടിസിയിലെ പണിമുടക്കിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ വിമർശനം.

ഇന്ന് നടത്തിയ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടെന്ന് സർക്കാരും എംഡിയും കോടതിയെ അറിയിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്താണെന്ന് ചോദിച്ചറിയാൻ എംഡിക്ക് ബാധ്യതയില്ലേ എന്ന് ചോദിച്ച കോടതി ഒത്തു തീർപ്പ് ചർച്ച വൈകിയതെന്തുകൊണ്ടെന്ന് ചോദിച്ചു. പ്രശ്നപരിഹാരത്തിൽ എംഡിയുടെ നിലപാട് ശരിയല്ല. തൊഴിലാളികൾക്ക് പ്രശ്നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് മാനേജ്മെന്‍റിനെ സമീപിക്കാനേ കഴിയൂ. ചർച്ചയ്ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച് പരിഹാരമുണ്ടാക്കേണ്ടതും മാനേജ്മെന്‍റാണെന്നും കോടതി നിരീക്ഷിച്ചു.