തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ വീണ്ടും പണിമുടക്ക്. ജനുവരി 16 അർദ്ധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനായി സംയുക്ത ട്രേഡ് യൂണിയൻ നോട്ടീസ് നൽകി. 

സിംഗിൾ ഡ്യൂട്ടിയും സര്‍വ്വീസ് വെട്ടിക്കുറക്കുന്നതും അടക്കമുള്ള മാനേജ്മെന്റ് തീരുമാനങ്ങൾക്കെതിരെ ഒക്ടോബർ രണ്ടു മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണി മുടക്ക് മന്ത്രിതല ചർച്ചയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ചർച്ചയിലുണ്ടാക്കിയ ധാരണകള്‍ സർക്കാരും മാനേജ്മെന്‍റും പാലിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല പണി മുടക്കിലേക്ക് പോകുന്നതെന്നാണ് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. 

കെഎസ്ആർടിസിയിൽനിന്ന് പിരിച്ചുവിടപ്പെട്ട മുഴുവൻ താൽക്കാലിക ജീവനക്കാരെയും തിരിച്ചെടുക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്. പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് മുതൽ അധിക ഡ്യൂട്ടികളൊന്നും തൊഴിലാളികള്‍ ചെയ്യില്ലെന്നും സമരസമിതി അറിയിച്ചു.