കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണമൊരുക്കാന്‍ ഇനി കുടുംബശ്രീ പിങ്ക് ടാസ്‌ക് ഫോഴ്‌സ്(പിടിഎഫ്). നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭയമില്ലാതെ ജീവിക്കാനാനുള്ള പൊതു ഇടങ്ങളുണ്ടാക്കാനും പ്രശ്‌നങ്ങളില്‍ അകപ്പെടുമ്പോള്‍ അടുത്ത നിമിഷം മുതല്‍ പിന്തുണയേകി പരിരക്ഷ നല്‍കാനും ലക്ഷ്യമിട്ടാണ് പിടിഎഫ് രൂപീകരിക്കുന്നത്. കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പിങ്ക് ടാസ്‌ക് ഫോഴ്‌സിലെ സേനാംഗങ്ങള്‍ ഫെബ്രുവരി രണ്ടാംവാരത്തോടെ രംഗത്തിറങ്ങുമന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി. കവിത പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരും സംരംഭം ആരംഭിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും.
സംസ്ഥാനത്ത് കുടുംബശ്രീ നടപ്പാക്കുന്ന വിജിലന്റ് ഗ്രൂപ്പില്‍ നിന്ന് ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് പിങ്ക് ടാസ്‌ക് ഫോഴ്‌സ് നിലവില്‍ വരുന്നത്. എല്ലയിടത്തും സ്ത്രീ സൗഹൃദ, ശിശു സൗഹൃദ ഇടങ്ങളുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള വിജിലന്റ് ഗ്രൂപ്പില്‍ നിന്ന് അംഗങ്ങളെ കണ്ടെത്തിയാണ് പിടിഎഫ് രൂപീകരിക്കുന്നത്. വിവിധ പ്രതിരോധ പരിശീലനങ്ങളും ബോധവത്ക്കരണ ക്ലാസുകളും നല്‍കി ഇവരെ സജ്ജമാക്കും.
ആദ്യ ഘട്ടത്തില്‍ ഓരോ ഗ്രാമപഞ്ചായത്ത് തല വിജിലന്റ് ഗ്രൂപ്പില്‍ നിന്ന് രണ്ടുപേരെ വീതം തെരഞ്ഞെുടത്തു. ഇത്തരത്തില്‍ 164 പേര്‍ക്കാണ് പരിശീലനവും ബോധവത്ക്കരണ ക്ലാസുകളും നല്‍കുന്നത്. മൂന്ന് ബാച്ചുകളായി തിരിച്ചാണ് പരിശീലനം. പ്രതിരോധ ചുവടുകളും നിയമക്ലാസുകളും പ്രശ്‌നങ്ങളെ എങ്ങനെ നേരിടാം എന്ന വിഷയത്തില്‍ കൗണ്‍സിലിങ്ങും നല്‍കി.
സ്ത്രീകളുടെ സുരക്ഷ മാത്രമല്ല പിടിഎഫിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കലും പിടിഎഫിന്റെ ലക്ഷ്യമാണ്. സ്ത്രീകളുടെ അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ സമൂഹത്തില്‍ പീഡനങ്ങള്‍ക്കിരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും സംരക്ഷണവും നല്‍കുക, നിയമ വശങ്ങളെ കുറിച്ച് സ്ത്രീകളെ ബോധവത്ക്കരിക്കുക, സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ക്ക് പ്രതിരേധം തീര്‍ക്കുക, വിജിലന്റ്‌സ് ഗ്രൂപ്പിന് പ്രവര്‍ത്തനം നടത്താന്‍ സാഹചര്യമുണ്ടാക്കുക, പഞ്ചായത്ത് തലത്തിലുള്ള ജാഗ്രത സമിതിയെ ശക്തിപ്പെടുത്തുക, പൊലീസ് ചൈല്‍ഡ്‌ലൈന്‍, വനിതാ വികസനം, കെല്‍സ എന്നിവയുമായി ബന്ധപ്പെട്ട് നിരന്തര പരിശീലന പരിപാടികളും ബോധവത്ക്കരണ ക്ലാസുകളും നടത്തുക എന്നിവയെല്ലാം പിങ്ക് ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍പ്പെടും.
