കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ പ്രവേശന സമയത്തോടനുബന്ധിച്ച് 1,25,000 കുടകളുടെ ഓര്‍ഡറുകള്‍ മാരിക്കുടകള്‍ക്ക് ലഭിച്ചിരുന്നു.

ആലപ്പുഴ: കുടയുടെ ഈറ്റില്ലമായ ആലപ്പുഴയില്‍ നിന്നും സ്‌കൂള്‍ വിപണി കീഴടക്കാന്‍ കുടുംബശ്രീയുടെ കുടകളും. കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയംതൊഴിലിലൂടെ കൂടുതല്‍ വരുമാനം നേടുവാന്‍ ആലപ്പുഴയില്‍ ആരംഭിച്ച കുട നിര്‍മ്മാണ സംരംഭം വിജയപാതയില്‍. എസ്എല്‍ പുരത്ത് പ്രവര്‍ത്തനം ആരംഭിച്ച മാരാരി മാര്‍ക്കറ്റിങ്ങിന്റെ മാരിയെന്ന കുട നിര്‍മ്മാണ യൂണിറ്റ് ഗുണമേന്മ കൊണ്ട് കുടുംബശ്രീയുടെ പേര് കുടനിര്‍മ്മാണ രംഗത്തും നിലനിര്‍ത്തിയിരിക്കുകയാണ്. 

കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് 2007 ലാണ് മാരിയെന്ന പേരില്‍ കുട നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്. ഇരുന്നൂറോളം കുടുംബശ്രീ വനിതാ പ്രവര്‍ത്തകര്‍ക്ക് ഇതുവഴി തൊഴിലും വരുമാനവും ലഭിച്ചു. വര്‍ഷത്തില്‍ ഏഴ് മാസവും തൊഴിലാളികള്‍ക്ക് അധിക വരുമാനം ലഭിച്ചു തുടങ്ങി. ആര്യാട്, മാരാരിക്കുളം, കഞ്ഞിക്കുഴി എന്നീ പ്രദേശങ്ങളിലെ കുടുംബശ്രീ യൂണിറ്റുകളാണ് കുടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ പ്രവേശന സമയത്തോടനുബന്ധിച്ച് 1,25,000 കുടകളുടെ ഓര്‍ഡറുകള്‍ മാരിക്കുടകള്‍ക്ക് ലഭിച്ചിരുന്നു. ഈ വര്‍ഷവും ഇതിലധികം ഓര്‍ഡറുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് മാരാരി മാര്‍ക്കറ്റിങ്ങിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി.കെ. മണി പറഞ്ഞു. മറ്റ് ബ്രാന്‍ഡഡ് കുടകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ പറ്റിയ രീതിയിലുള്ള ഗുണമേന്‍മയിലാണ് മാരിക്കുടകളുടെ നിര്‍മ്മാണ രീതികള്‍. 

വിവിധ മോഡലുകളിലും വര്‍ണ്ണങ്ങളിലുമുള്ള കുടുംബശ്രീയുടെ കുടകള്‍ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. സംസ്ഥാനത്തെ കണ്‍സ്യൂമര്‍ ഫെഡ്, സപ്ലൈകോ ഔട്ട് ലെറ്റുകള്‍, പോലിസ് ക്യാന്റീനുകള്‍, കെഎസ്എഫ്ഇ, കെഎസ്ഡിപി, വിവിധ കമ്പിനികള്‍, സഹകരണ സൊസൈറ്റികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കുടകള്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. പ്രാരംഭഘട്ടത്തില്‍ കുടനിര്‍മ്മാണ യൂണിറ്റിനാവശ്യമായ മെഷിനറികളും മറ്റും കുടുംബശ്രീ നല്‍കിയിരുന്നു. 

എന്നാല്‍ ഇപ്പോള്‍ കമ്പനി തന്നെയാണ് കുടനിര്‍മ്മാണത്തിനുള്ള തുക കണ്ടെത്തുന്നത്. കുട നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഓരോ കുടുംബശ്രീ യൂണിറ്റുകളിലും കമ്പനി എത്തിക്കും. ഒരാഴ്ചയ്ക്ക് ശേഷം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ കുടകള്‍ ശേഖരിക്കുകയും അംഗങ്ങള്‍ക്ക്്് പ്രതിഫലം നല്‍കുകയും ചെയ്യും. കമ്പിനിയുടെ ലാഭവും ഷെയര്‍ ഹോള്‍ഡേഴ്‌സായ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ളതാണ്.