പാകിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാധവ് പാക് സൈനിക മേധാവിക്ക് ദയാഹർജി നല്കി. പാക് സൈനിക അപ്പലേറ്റ് അതോറിറ്റി കുൽഭൂഷൺ ജാധവിന്‍റെ അപ്പീൽ തള്ളിയതിനെ തുടർന്നാണിത്. ചാരപ്രവത്തനം ആരോപിച്ച് പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ ജാധവ് നിയപരമായി അവശേഷിക്കുന്ന വഴികൾ തേടുകയാണ്. 

സൈനിക കോടതി വിധിക്കെതിരെ ജാധവ് നല്കിയ അപ്പീൽ പാക് സൈനിക അപ്പലേറ്റ് അതോറിറ്റി തള്ളിയതായി പാകിസ്ഥാൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇതേ തുടർന്നാണ് ജാധവ് പാക് കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബാജ് വയ്ക്ക് ദയാഹർജി സമർപ്പിച്ചത്. സൈനിക കോടതി വിധി പറഞ്ഞ കേസുകളിൽ പാകിസ്ഥാനിൽ ആദ്യം കരസേനാ മേധാവിക്ക് ദയാഹർജി നല്കാം. 

ഇത് തള്ളുകയാണെങ്കിൽ പിന്നീട് പാക് പ്രസിഡന്‍റിനെ സമീപിക്കാം. ഭീകരപ്രവർത്തനത്തിന് ഇന്ത്യ നിയോഗിച്ചതാണെന്ന് ദയാഹർജിയിൽ കുൽഭൂഷൺ ജാധവ് സമ്മതിച്ചതായി പാകിസ്ഥാൻ സൈന്യം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മുൻപ് പുറത്തുവിട്ടതു പോലെ കുറ്റസമതത്തിന്‍റെ ഒരു വീഡിയോയും പാകിസ്ഥാൻ പുറത്തു വിട്ടിട്ടുണ്ട്. 

ഏപ്രിൽ മാസത്തിലെ വീഡിയോ ആണിതെന്നാണ് സൂചന. അന്താരാഷ്ട്ര നിതീന്യായ കോടതി ജാധവിന്റെ വധശിക്ഷ നിറുത്തിവയ്ക്കാൻ ഉത്തരവിട്ടത് പാകിസ്ഥാന് വൻ തിരിച്ചടിയായിരുന്നു. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കുറ്റസമ്മത വീഡിയോ പുറത്തിറക്കി പാക് സൈന്യം രംഗത്തു വന്നിരുക്കുന്നത്.