ദില്ലി: ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാക്കി സ്ഥാപക നേതാവ് കുമാര്‍ വിശ്വാസ്. ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ പാര്‍ട്ടിക്ക് വീഴ്ചപറ്റിയെന്നും വോട്ടിംഗ് യന്ത്രത്തെക്കുറ്റപ്പെടുത്തി തലയൂരാനാകില്ലെന്നുമുള്ള മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും കുമാര്‍ വിശ്വാസ് പറഞ്ഞു.

അടുത്ത നീക്കം ഇന്ന് രാത്രിയോടെ അറിയാമെന്ന് കുമാര്‍ വിശ്വാസ് വ്യക്തമാക്കി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ വീട്ടില്‍ രാഷ്‌ട്രീയകാര്യ സമിതി യോഗം ചേരുന്നതിനിടെയാണ് കുമാര്‍ വിശ്വാസിന്റെ പരാമര്‍ശം. ഇന്ന് രാത്രിയോടെ പാര്‍ട്ടിയില്‍ തുടരണോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കുമെന്നും തീരുമാനം നാളെ അറിയാമെന്നും കരഞ്ഞുകൊണ്ട് വിശ്വാസ് പറഞ്ഞു.

കുമാര്‍ വിശ്വാസ് പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച ഓഖ്‍ല എംഎല്‍എ അമാനത്തുള്ള ഖാനെ രാഷ്‌ട്രീയകാര്യസമിതിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പരസ്യപ്രസ്താവനക്ക് പാര്‍ട്ടി വിലക്കിയിട്ടുണ്ട്. കുമാര്‍ വിശ്വാസ് ബിജെപിയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി വിശ്വാസ് നേരത്തെ രംഗത്തെത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വരെ വിശ്വാസ് തള്ളിക്കളഞ്ഞിരുന്നു.