ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമത്തില്‍ ആയിരങ്ങളാണ് ഇന്ന് പുലര്‍ച്ചയോടെ സ്നാനം നടത്തിയത്. സ്നാനത്തിലൂടെ പാപങ്ങള്‍ ഇല്ലാതാകുകയും മോക്ഷം ലഭിക്കുകയും ചെയ്യുമെന്നതാണ് വിശ്വാസം.
പ്രയാഗ്‍രാജ്: ലോകത്തിലെ തന്നെ ഏറ്റവും ജനസംഗമമായ കുഭമേളയ്ക്ക് തുടക്കമായി. 55 ദിവസം നീണ്ടു നില്‍ക്കുന്ന അര്‍ദ്ധ കുംഭമേളയ്ക്കാണ് ഇന്ന് പുലര്‍ച്ചയോടെ തുടക്കമായത്. പ്രയാഗ്‍രാജിലെ (പഴയ അലഹബാദ്) ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തുകൊണ്ടാണ് കുംഭമേള ആരംഭിച്ചത്. ജനുവരി 15 മുതല്‍ മാര്‍ച്ച് നാല് വരെയാണ് മേള നടക്കുന്നത്.
പുണ്യ നദീ സംഗമത്തില്‍ സ്നാനം ചെയ്യാന്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തിച്ചേരുന്നത്. താത്കാലിക ഇടത്താവളങ്ങളും പാലങ്ങളുമടക്കം വലിയ സൗകര്യങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുംഭമേളയ്ക്കായി ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വിദേശസഞ്ചാരികള്‍ കുംഭമേളയ്ക്ക് എത്തുമെന്ന കണക്കുകൂട്ടലിലാണ് യുപി സര്‍ക്കാര്‍. കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകളും പ്രയാഗ്‍രാജിലേക്ക് ഒരുക്കിയിട്ടുണ്ട്. പ്രയാഗ്‍രാജ് നഗരമിപ്പോള്‍ കനത്ത സുരക്ഷയിലാണ്. ആയിരക്കണക്കിന് സുരക്ഷാ ജീവനക്കാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.

ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമത്തില്‍ ആയിരങ്ങളാണ് ഇന്ന് പുലര്‍ച്ചയോടെ സ്നാനം നടത്തിയത്. സ്നാനത്തിലൂടെ പാപങ്ങള്‍ ഇല്ലാതാകുകയും മോക്ഷം ലഭിക്കുകയും ചെയ്യുമെന്നതാണ് വിശ്വാസം. 2013 ലെ മഹാകുംഭമേളയ്ക്ക് 12 കോടി തീര്‍ത്ഥാടകര്‍ എത്തിയെന്നാണ് കണക്കുകൂട്ടുന്നത്.
അര്‍ദ്ധ, പൂര്‍ണ്ണ, മഹാ കുഭമേളകളാണ് നടക്കാറുള്ളത്. അലഹബാദ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. ആറ് വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും പ്രയാഗ് രാജിലുമാണ് അര്‍ദ്ധ കുംഭമേള നടക്കുക. 12 വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണ്ണ കുംഭമേളയും 12 പൂര്‍ണ്ണ കുഭമേളകള്‍ പൂര്‍ത്തിയാകുമ്പോള്‍ 144 വര്‍ഷത്തിലൊരിക്കല്‍ മഹാകുംഭമേളയും നടക്കും. 2013ലാണ് അവസാനമായി മഹാ കുംഭമേള നടന്നത്.

