മിസോ ഐഡന്റിറ്റിയും പാരമ്പര്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐസ്വാൾ: രാജ്യം എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ആളൊഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്ത് മിസോറാം ഗവർണർ കുമ്മനം രാജശേഖരന്‍. പൗരത്വ ബില്ലിനെ ചൊല്ലി സംസ്ഥാനം പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ പരിപാടി ബഹിഷ്‌കരിച്ചതോടൊണ് ഗവർണർക്ക് ആളൊഴിഞ്ഞ മൈതാനത്തിന് മുന്നിൽ പ്രസംഗിക്കേണ്ടി വന്നത്. എന്‍ജിഒ കോര്‍ഡിനേഷന്‍ കമ്മിറ്റിയും, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും, പൊതുജനങ്ങളും ചേര്‍ന്നാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയത്.
ജനപ്രതിനിധികളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമല്ലാതെ പൊതു ജനങ്ങള്‍ ആരും തന്നെ പരിപാടിയില്‍ പങ്കെടുത്തില്ല. പരിപാടി സംഘടിപ്പിച്ചിരുന്നിടത്ത് പ്ലക്കാർഡുകളുമായി ജനങ്ങൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയെങ്കിലും റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ സമാധാനപൂര്‍ണമായി തന്നെ നടന്നു. അതേസമയം സംസ്ഥാന അതിര്‍ത്തികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കർശന നടപടികൾ തന്നെ കൈക്കൊള്ളുമെന്ന് കുമ്മനം രാജശേഖരന്‍ തന്റെ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ പറഞ്ഞു. അതിർത്തികളിൽ താമസിക്കുന്ന ആളുകളുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'നമ്മുടെ ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ ഇന്ത്യയിലും ലോകത്താകമാനത്തിലുമുള്ള എല്ലാ മിസോ ജനതയുടെയും ഐക്യം, സാഹോദര്യം എന്നിവയ്ക്കായി പ്രവർത്തിക്കാൻ ഈ സർക്കാർ ശ്രമിക്കും. സാമൂഹിക-സാമ്പത്തിക പരിവർത്തനം ലക്ഷ്യമിട്ടുള്ള സമഗ്ര പുരോഗമന പരിപാടികൾ മിസോറാം അവതരിപ്പിക്കും'-അദ്ദേഹം പറഞ്ഞു. മിസോ ഐഡന്റിറ്റിയും പാരമ്പര്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണ മുപ്പതോളം സായുധ സൈനിക വിഭാഗങ്ങളാണ് റിപ്പബ്ലിക് ദിന പരേഡിയില്‍ പങ്കെടുക്കാറുള്ളതെന്നും എന്നാൽ ഇത്തവണ അത് ആറായി ചുരുങ്ങിയെന്നും ഉദ്യോഗസ്ഥർ പറയുന്നു. മറ്റുള്ള ജില്ലാ ആസ്ഥാനങ്ങളിൽ ഉദ്യോഗസ്ഥരുടേയും ജനങ്ങളുടേയും അസാന്നിധ്യത്തിലാണ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയത്. സബ് ഡിവിഷണലുകളിലും ബ്ലോക്ക് ഓഫീസുകളിലും ഇതു തന്നെയായിരുന്നു സ്ഥിതി.
