തിരുവനന്തപുരം: പ്രധാന മന്ത്രിക്കൊപ്പം മെട്രോയില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ യാത്ര ചെയ്‍ത സംഭവത്തില്‍ വിവാദം കൊഴുക്കുന്നു. കുമ്മനം മെട്രോയില്‍ കയറിയത് സുരക്ഷാ വീഴ്ചയാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ അനുമതിയോടെയാണ് താന്‍ യാത്ര ചെയ്തതെന്നും അനാവശ്യവിവാദമാണ് ഇപ്പോഴുള്ളതെന്നും കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു

പ്രധാനമന്ത്രിക്കൊപ്പം അനുമതിയില്ലാതെ കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തത് സുരക്ഷാ വീഴ്ചയാമെന്നാണ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍റെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലാണ് കടകംപിള്ളി ഈ ആരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രിക്കൊപ്പം മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടേയും വേദിയിലിരിക്കുന്നവരുടേും വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തുന്നവരുടേയും അന്തിമ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസാണ് തയ്യാറാക്കിയത്.

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തുന്നവരുടെ പട്ടികയില്‍ കുമ്മനമടക്കം നിരവധി ബിജെപി നേതാക്കളുടേയും പേരുണ്ടായിരുന്നു. എന്നാല്‍ മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യുന്നവരുടെ ഔദ്യോഗിക പട്ടികയില്‍ കുമ്മനം രാജശേഖരന്‍ ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, സംസ്ഥാന ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി, , ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ്, കെഎംആര്‍എല്‍ എംഡി, സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര നഗരാസൂത്രണ വകുപ്പ് മേധാവി , ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിരാണ് യാത്ര ചെയ്യുന്നതെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നാവിക സേനാ വിമാനത്താവളത്തില്‍ നിന്നും പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലാണ് കുമ്മനവും പാലാരിവട്ടം സ്റ്റേഷനില്‍ എത്തിയത്, പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ യാത്ര ചെയ്തതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പ്രധാന മന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയാണ് കുമ്മനം രാജശേഖരന്‍ മെട്രോയിലെ ആദ്യയാത്ര നടത്തിയതെന്ന് കെഎംആര്‍എല്ലും വിശദീകരിച്ചു. എന്നാല്‍ കുമ്മനം രാജശേഖരന്‍റെ യാത്ര സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളുടെ പെരുമഴയായി. മെട്രോയിലെ ആദ്യ കള്ളവണ്ടി കയറ്റമെന്ന പരിഹാസമാണ് സോഷ്യല്‍ മീഡിയകളില്‍ നിറയെ.