ലീഗിന്‍റെ പച്ച മാത്രമല്ല, പച്ചപ്പും ഹരമാണ് കുഞ്ഞാപ്പക്ക്

മലപ്പുറം: പാറകൾ നിറഞ്ഞ 25 ഏക്കർ തരിശു ഭൂമിയിൽ പൊന്നുവിളയിക്കുന്ന ഒരു പ്രമുഖ രാഷട്രീയ നേതാവുണ്ട് കേരളത്തിൽ. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്ക് പരിസ്ഥിതിസ്നേഹവും കൃഷിയും എന്നും ഹരമാണ്. നെല്ല് മുതൽ കറിവേപ്പില വരെ എല്ലാമുണ്ട് ഈ കൃഷി ഭൂമിയിൽ. ചെറുകിളികള്‍ മുതല്‍ മയിലുകള്‍ വരെ ഇവിടെ നിത്യസന്ദര്‍ശകര്‍. പാറനിറഞ്ഞ മണ്ണില്‍ വിളയാത്തതൊന്നുമില്ലെന്ന് നമ്മോടു പറഞ്ഞു തരുന്നു മലപ്പുറത്തുകാരുടെ പ്രിയപ്പെട്ട കുഞ്ഞാപ്പ

നാട്ടിലുള്ളപ്പോള്‍ എത്ര തിരക്കുണ്ടായാലും രാവിലെയും വൈകുന്നേരവും ഇവിടെയെത്തും മിക്കവാറും ഒറ്റയ്ക്ക്. മഴവെള്ള സംഭരണികളും മീനുകള്‍ക്കായി കുളങ്ങളും കോഴിവളര്‍ത്തു കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. അതിരുകള്‍ നിറയുന്ന കാടും അതുപോലെ കാത്തു സൂക്ഷിക്കുന്നു. അണികളെയറിയുന്നതു പോലെ പറമ്പിലെത്തുന്ന ഓരോ കിളികളെയും കാലങ്ങളായി ഈ നേതാവിനറിയാം വ്യവസായമന്ത്രിയായിട്ടും സ്വന്തം മണ്ഡലമായ വേങ്ങരയില്‍ വ്യവസായം കൊണ്ടുവരാത്തതിന് കേട്ട പഴികള്‍ക്കുള്ള മറുപടി കുടിയാകുന്നു ഏക്കറുകള്‍ നിറയുന്ന ഈ പച്ചപ്പ്.