കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് അവസാനിക്കാന്‍ ഇനി നാല് ദിവസം കൂടി. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ഔട്ട്പാസ് വാങ്ങിയിട്ടില്ല. ഇവര്‍ എത്രയും പെട്ടെന്ന് ഔട്ട് പാസ് വാങ്ങണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.
നിലവില്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത് പ്രകാരം ഈ മാസം 22നാണ് പൊതുമാപ്പ് അവസാനിക്കുന്നത്. കഴിഞ്ഞ മാസം 29-ന് ആരംഭിച്ച പൊതുമാപ്പില്‍ ഇത് വരെ രാജ്യം വിട്ടവരുടെ കൃത്യമായ കണക്ക് അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
ഒന്നര ലക്ഷത്തിലധികം താമസകുടിയേറ്റ നിയമലംഘകരുണ്ടെന്നാണ് മന്ത്രാലയത്തെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുള്ളത്.രേഖകളില്‍ 30000ല്‍ അധികം ഇന്ത്യക്കാരുണ്ടെങ്കിലും ഇതുവരെ എംബസിയില്‍ ഔട്ട് പാസിനെത്തിയിട്ടുള്ളവരുെട എണ്ണം 10000ല്‍ താഴെയാണ്.കലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശം ഉള്ളവര്‍ക്ക് വിമാനടിക്കറ്റ് എടുത്ത് യാത്രചെയ്യാവുന്നതായതില്‍ ഇത്തരക്കാരുടെ കണക്ക് എംബസിയില്‍ ലഭ്യമല്ല.
ഇപ്പോഴും നിരവധിയാളുകള്‍ ഔട്ട്പാസിനായി എംബസിയെ സമീപിക്കുന്നുണ്ട്. എന്നാല്‍ ഔട്ട്പാസിന് അപേക്ഷിച്ചിട്ടുള്ളവരില്‍ ചിലര്‍ ഇത് വരെ അവ കരസ്ഥമാക്കിയിട്ടില്ല. എത്രയും പെട്ടന്ന് എംബസിയില്‍ നിന്ന് ഔട്ട്പാസുകള്‍ കരസ്ഥമാക്കി പെതുമാപ്പ് ആനുകൂല്ല്യം ഉപയോഗപ്പെടുത്തണമെന്ന് എംബസി ഇന്ന് വീണ്ടും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
