കഴിഞ്ഞ ആറ് മാസത്തോളമായി ശമ്പളം കിട്ടാതായതോടെ കുവൈറ്റിലെ പ്രമുഖ കോണ്ട്രാക്ട്രിംഗ് കമ്പിനിയുടെ മലയാളികള്‍ അടക്കമുള്ള നൂറ് കണക്കിന് തൊഴിലാളികള്‍ കൂട്ടത്തോടെ എംബസിയിലെത്തി പരാതി നല്‍കി. പ്രമുഖ കോണ്ട്രാക്ട്രിംഗ് കമ്പിനിയുടെ ഷുവൈബയിലുള്ള ക്യാമ്പില്‍ നിന്ന് മൂന്ന് ബസുകളിലായി 200-ാളം തൊഴിലാളികളാണ് ഇന്ന് രാവിലെ പരാതിയുമായി എംബസിയിലെത്തിയത്. എംബസി ഇടപെട്ടതിനെ തുടര്‍ന്ന് ഈ മാസം തന്നെ കുടിശിക നല്‍കിത്തുടങ്ങുമെന്ന് കമ്പനി രേഖാമൂലം ഉറപ്പ് നല്‍കി.

എംബസിയുടെ ഇടപ്പെടലിനെ തുടര്‍ന്ന് വൈകുന്നേരം കമ്പിനിയുടെ എച്ചാറിലെ അധികൃതര്‍ എംബസിയിലെത്തി,തൊഴിലാളികളുമായി ചര്‍ച്ച നടത്തി വിഷയത്തില്‍ താത്കാലിക പരിഹാരമുണ്ടാക്കി. ഇതനുസരിച്ച്, ശമ്പള കുടിശിക ഈ മാസം 22-നും മാര്‍ച്ച് ഒന്നിനും നല്‍കുമെന്ന് ധാരണയായി. രാജി വച്ച് പോകുന്നവരുടെ ശമ്പള കുടിശിക അടക്കമുള്ള മറ്റ് ആനുകൂല്ല്യങ്ങള്‍ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ എംബസിയില്‍ അറിയിക്കുമെന്നും കമ്പിനി അധികൃതര്‍ രേഖാമൂലം എംബസിയില്‍ അറിയിച്ചിട്ടുണ്ട്.
മാസങ്ങളായി തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ സ്ഥാനപതി സുനില്‍ ജെയിന്‍, ഡെപ്ര്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുബാഷിസ് ഗോല്‍ദാര്‍ എന്നിവരെ ധരിപ്പിച്ചിരുന്നു.

പരാതിയുമായി എത്തിയ ഷുവൈബയിലെ ഒരു ക്യാമ്പില്‍ മാത്രം നാലായിരത്തിലധികം തൊഴിലാളികളുണ്ട്. ഇതില്‍ 1500ല്‍ അധികം മലയാളികളുമാണ്. ശുചീകരണപ്രവര്‍ത്തനങ്ങള്‍പ്പെടെയുള്ള വിഷയം ഇന്നത്തെ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിശോധിക്കാന്‍ കമ്പനിയുടെ ക്യാമ്പ് രണ്ട് ദിവസത്തിനുള്ളില്‍ എംബസി അധികൃതര്‍ സന്ദര്‍ശിക്കുമെന്ന് ഇവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഇത്രയും വിഷയങ്ങള്‍ ഉഉണ്ടായിട്ടും പ്രസ്തുത കമ്പിനി ഇപ്പോഴും നാട്ടില്‍ നിന്ന് റിക്രൂട്ട്മെന്‍റ് നടത്തുന്നുണ്ടെന്നാണ് ആരോപണം.