കുവൈത്ത് സിറ്റി: കുവൈത്ത് പൊതുമാപ്പ് പരമാവധി ഉപയോഗപ്പെടുത്താന്‍ നിയമലംഘകര്‍ക്ക് വീണ്ടും നിര്‍ദ്ദേശം. കമ്പിനികളില്‍ നിന്ന് ഒളിച്ചോട്ടകേസുകള്‍ നല്‍കിയവര്‍ക്കും  പെതുമാപ്പ് ആനുകൂല്യം ലഭിക്കും. ഏപ്രില്‍ 22 വരെയാണ് ഇതിനുള്ള അവസരമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

താമസവിസയുടെ കാലാവധി തീര്‍ന്നവര്‍ക്കും സ്‌പോണ്‍സമാരാല്‍ ഒളിച്ചോട്ട കേസുകള്‍ നല്‍കിയവരുമാണ് സ്വകാര്യ കമ്പിനികളിലെ വിദേശി ജീവനക്കാര്‍ക്ക് സ്വദേശത്തേക്ക് പോകാനോ, പിഴയടച്ച് മറ്റ് കമ്പിനികളിലേക്ക് മാറാനുള്ള അവസരമാണ് അനുവദിച്ചിരിക്കുന്നത്. 2016 ജനുവരി മൂന്നോടെ വിസയുടെ കാലാവധി തീര്‍ന്നവര്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജനുവരിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇതിനുള്ള അവസരം അനുവദിച്ചിരുന്നു. മാനുഷിക പരിഗണനയിലാണ് സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്കുകൂടി പൊതുമാപ്പ് ആനുകൂല്യം നല്‍കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ പുതുക്കുന്നതിന് മാനവവിഭവശേഷി പൊതു അതോറിട്ടിയുടെയും അന്വേഷണ ജനറല്‍ ഡയറക്ടറേറ്റിന്റെയും അനുമതി ആവശ്യമാണ്.

ഇതിനായി, കുടിശിക അടച്ച് താമസവിസയുടെ നില പുതുക്കുന്നതിനുള്ള അപേക്ഷകള്‍ അടുത്തമാസം 22 വരെ സ്വീകരിക്കും. വിദേശ തൊഴിലാളിക്കെതിരേ ഒളിച്ചോടിയെന്നു തൊഴിലുടമ നല്‍കിയിരിക്കുന്ന കേസുകളും ഇതോടെ പിന്‍വലിക്കപ്പെടും.പിന്നീട് ,നിലവിലുളള സ്‌പോണ്‍സറുടെ കീഴിലോ,അതല്ലങ്കില്‍ മറ്റ് കമ്പിനികളിലേക്കോ ഇഖാമ മാറാം.

രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴ ഒന്നും നല്‍കേണ്ടതുമില്ല.താമസ-കുടിയേറ്റ നിയമലംഘകരായി മാറിയിട്ടുള്ളവര്‍ ഈയവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.