കുവൈറ്റ് സിറ്റി: ബീച്ചുകള്‍, പാര്‍ക്കുകള്‍, ക്യാമ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് കുവൈത്തില്‍ സംയുക്ത കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം. ജുഡിഷ്യല്‍ അധികാരത്തോടെയാവും കമ്മിറ്റിയുടെ പ്രവര്‍ത്തനം. കുവൈറ്റ് പരിസ്ഥിതി പൊതു അതോറിറ്റി, പരിസ്ഥിതി പോലീസ്, കുവൈറ്റ് മുനിസിപ്പാലിറ്റി എന്നി വകുപ്പുകള്‍ സംയുക്തമായിട്ടാവും കമ്മിറ്റില്‍പ്രവര്‍ത്തിക്കുക.

പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരേയും കടുത്ത പിഴയാവും ഉണ്ടാവുക. ഇത്തരം നിയമലംഘകരില്‍ നിന്നും അയ്യായിരം മുതല്‍ പതിനായിരം വരെ ദിനാര്‍ പിഴയീടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

മത്സ്യ, മാംസങ്ങള്‍ കടല്‍പ്പുറത്തുവച്ച് കനലില്‍ പാകം ചെയ്യുന്നവര്‍ക്കെതിരേ 50 ദിനാര്‍ പിഴയീടാക്കും. പൊതുസ്ഥലങ്ങളില്‍ പാചകം നടത്തുമ്പോള്‍ പുകയുണ്ടാകുന്നത് കടുത്ത പരിസ്ഥിതി മലിനീകരണമായതിനാല്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തിയ 30 പേരെ അധികൃതര്‍ പിടികൂടിയിട്ടുണ്ട്. 

അതുപോലെ തന്നെ, വാഹനങ്ങളില്‍നിന്നും സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നവരില്‍നിന്നും കടുത്ത പിഴ ഈടാക്കാനും തീരുമാനിച്ചിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് 5-മുതല്‍ 200 ദിനാറുവരെ പിഴയീടാക്കും. ഇത്തരത്തില്‍ പിഴ ചുമത്താന്‍ മുനിസിപ്പാലിറ്റി സേവനനിയമം അനുശാസിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.