കുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് മൂന്നാമത് മന്ത്രിതല-യോഗ തീരുമാനങ്ങള്‍ക്ക് അനുകൂല നിലപാടുകളുമായി കുവൈത്ത്. വ്യേമയാന മേഖലയില്‍ ഇന്ത്യന്‍ സെക്ടറിലേക്ക് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ കുവൈത്ത് തയ്യാറെന്ന് വകുപ്പ് മന്ത്രി അറിയിച്ചു. 

കുവൈറ്റിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തിന് ആനുപാതികമായി കുവൈറ്റ്-ഇന്ത്യ സെക്ടറില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ കുവൈറ്റിന് താല്‍പര്യമുണ്ടെന്ന് തൊഴില്‍-സാമൂഹിക കാര്യവകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബീഹ് പറഞ്ഞു. ആഴ്ചയില്‍ 12,000 സീറ്റുകളാണ് ഇപ്പോഴുള്ളത്. ഇത് 19,000 ആയി വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

കഴിഞ്ഞ ദിവസം കുവൈറ്റില്‍ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എംജെ അക്ബറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് മന്ത്രിയുടെ പ്രതികരണം. എതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയിലേക്കുള്ള സീറ്റുകള്‍ 8000 പ്രതിവാരം 12,000 മാക്കിയത്. എന്നാല്‍ ഇതും, കുവൈറ്റിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം കുറവാണെന്ന് മന്ത്രി പറഞ്ഞു. 

നിലവില്‍ 10 ലക്ഷത്തിനടുത്ത് ഇന്ത്യക്കാര്‍ കുവൈത്തിലുണ്ട്.ഇതിന് ആനുപാതികമായി വര്‍ധനവ് ഉണ്ടായിട്ടില്ലാത്തത് മേഖലയില്‍ വളരെയധികം ബുന്ധിമുട്ടാണ് അനുഭവപ്പെടുന്നത്. 

ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികള്‍ നേരിടുന്ന ഖറാഫി നാഷണല്‍ അടക്കമുള്ള കമ്പനികളുടെ കാര്യങ്ങളും ഇരുനേതാക്കളും ചര്‍ച്ച നടത്തി. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒരു ഇലക്ട്രോണിക് ലിങ്ക് ഉണ്ടാക്കുന്നതു സംബന്ധിച്ച് പഠനം നടത്താനും തീരുമാനമായിട്ടുണ്ട്.