അടുത്ത മാസം ഒന്ന് മുതല്‍ രാജ്യത്ത് പെട്രോള്‍ വിലവര്‍ധന നടപ്പാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഈ വര്‍ഷം അവസാനംവരെ നീട്ടിവയ്‌ക്കുമെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. പെട്രോളിന് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പാര്‍ലമെന്റ് അംഗങ്ങള്‍ ഏതിര്‍ത്തിരുന്നു. പെട്രോള്‍ വിലവര്‍ധനയല്ല, സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കായുള്ള പാക്കേജുകളാണ് നടപ്പാക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് സ്‌പീക്കറുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അംഗങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ജനങ്ങളെ വിലവര്‍ധന ബാധിക്കാതിരിക്കാന്‍ നിലവിലുള്ള വിലയ്‌ക്ക് നിശ്ചിത അളവ് പെട്രോള്‍ പ്രതിമാസം നല്‍കണമെന്നാണ് എംപിമാര്‍ മുന്നോട്ടുവച്ചിരിക്കുന്ന പ്രധാനപ്പെട്ട ഒരു നിര്‍ദേശം. വിലവര്‍ധന നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ സ്വദേശികള്‍ക്ക് സഹായം നല്‍കണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ എംപിമാരുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തിനും അതിന്റെ ലക്ഷ്യങ്ങള്‍ക്കും എതിരാണെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.