Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവം

Kuwait new cabinet talks are on
Author
First Published Dec 1, 2016, 1:28 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ മന്ത്രിസഭ രുപീകരണത്തിനുള്ള ചര്‍ച്ചകള്‍ സജീവമായി. നിരവധി പുതമുഖങ്ങള്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 11 നാണ് 15 ാം ദേശീയ അസംബ്ലിയുടെ പ്രഥമ സമ്മേളനം ആരംഭിക്കുന്നത്.അതിന് മുമ്പ് മന്ത്രിസഭ രൂപീകരിക്കണ്ടതുണ്ട്.ഇന്നലെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഷേഖ് ജാബെര്‍ അല്‍ മുബാരക് അല്‍ സാബായുടെ നേത്യത്വത്തില്‍ തന്റെ മന്ത്രിസഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകളാണ് സജീവമായിരിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട എം.പിമാരും, പുതുമുഖങ്ങള്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, 50-അംഗ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിലെ പ്രതിപക്ഷ എംപിമാരുടെ ആദ്യ ഏകോപന യോഗത്തില്‍ 25 അംഗങ്ങള്‍ പങ്കെടുത്തിരുന്നു. കൂടാതെ, രണ്ടുപേര്‍ തങ്ങളുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന എംപി മൊഹമ്മദ് അല്‍ മുട്ടൈറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള കാര്യമടക്കം ചര്‍ച്ച ചെയ്തു.

അല്‍ മുട്ടൈര്‍ സ്‌പീക്കര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്.അബ്ദുള്ള അല്‍ റൗമി, ഷുഐബ് അല്‍ മുവൈസ്‌റി എന്നിവരാണ് സ്‌പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നവര്‍. ഇവരില്‍നിന്ന് ഒരാളെ തെരഞ്ഞെടുക്കാന്‍ എംപിമാരുടെ നാലംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റിലെ സ്‌പീക്കറായിരുന്ന മര്‍സോഖ് അല്‍ ഘാനിം മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പുതിയ അസംബ്ലിയില്‍ തീരുമാനമെടുക്കേണ്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ ഏകദേശ ധാരണയുണ്ടായിട്ടുണ്ട്. വോട്ടിംഗ് സംവിധാനം ഭേദഗതി ചെയ്യല്‍, കോടതി ഇടപെടലില്ലാതെ പൗരത്വം റദ്ദാക്കുന്നത് നിരോധിക്കുക, പൗരന്‍മാര്‍ക്ക് യാതൊരു ബുദ്ധുമുട്ടുമുണ്ടാകാതെ സാമ്പത്തിക പരിഷ്‌കരണങ്ങളും നടപ്പാക്കുക എന്നിവയായിരിക്കും പ്രതിപക്ഷത്തിന്റെ അജന്‍ഡ. പ്രതിപക്ഷ എംപിമാരുടെ അടുത്തയോഗം ശനിയാഴ്ച നടക്കും.

 

Follow Us:
Download App:
  • android
  • ios