മന്ത്രിസഭയുടെയും റിസര്‍വ് ബാങ്കിന്റെയും കടുത്ത എതിര്‍പ്പുകള്‍ക്കിടയിലാണ് ഈ മാസം 17ന് ബില്‍ പാര്‍ലമെന്റില്‍ വോട്ടിനിടുന്നത്‌.

കുവൈറ്റ് സിറ്റി: പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള കരട് ബില്‍ കുവൈത്ത് പാര്‍ലമെന്റില്‍ ഈ മാസം 17ന് വോട്ടിനിടും. ധനകാര്യ സമിതി കഴിഞ്ഞ ദിവസം ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. ബില്ലിനെ കുവൈത്ത് മന്ത്രിസഭയും റിസര്‍വ് ബാങ്കും എതിര്‍ക്കുന്നുണ്ട്. 

മന്ത്രിസഭയുടെയും റിസര്‍വ് ബാങ്കിന്റെയും കടുത്ത എതിര്‍പ്പുകള്‍ക്കിടയിലാണ് ഈ മാസം 17ന് ബില്‍ പാര്‍ലമെന്റില്‍ വോട്ടിനിടുന്നത്‌. പ്രവാസികള്‍ നാട്ടിലേക്ക്‌ അയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട്‌ ചില എം.പി.മാരാണ് നേരത്തെ കരടുബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്‌. ഇതേ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ധനകാര്യ സമിതിയുടെ പരിഗണനക്കായി കരടു ബില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ധനകാര്യ സമിതി ബില്ലിന് അംഗീകാരം നല്‍കുകയും നികുതി ഘടന നിശ്ചയിക്കുകയും ചെയ്തിരുന്നു. 99 ദിനാര്‍ വരെയുള്ള ഇടപാടുകള്‍ക്ക്‌ ഒരു ശതമാനവും 100 മുതല്‍ 299 ദിനാര്‍ വരെയുള്ള ഇടപാടുകള്‍ക്ക്‌ രണ്ട് ശതമാനവും 300 മുതല്‍ 499 ദിനാര്‍ വരെയുള്ള പണത്തിനു മൂന്ന് ശതമാനവുമാണ് നികുതി ഘടന നിശ്ചയിച്ചിരിക്കുന്നത്‌. കൂടാതെ 500 ദിനാറിനു മുകളിലുള്ള ഇടപാടുകള്‍ക്ക്‌ അഞ്ച് ശതമാനം നികുതി ചുമത്താനുള്ള നിര്‍ദ്ദേശത്തിനും ധനകാര്യ സമിതി അംഗീകാരം നല്‍കിയിരുന്നു.

എന്നാല്‍ നികുതി ഏര്‍പ്പെടുത്താനുള്ള ബില്ലിനെതിരെ മന്ത്രിസഭയും കുവൈത്ത്‌ റിസര്‍വ് ബാങ്കും കടുത്ത വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്‌. നിര്‍ദ്ദിഷ്‌ട ബില്‍ കള്ളപ്പണ, ഹവാല ഇടപാടുകള്‍ ശക്തി പ്രാപിക്കുവാന്‍ കാരണമാകുമെന്നാണ് മന്ത്രിസഭയുടെയും റിസര്‍വ് ബാങ്കിന്റെയും നിലപാട്‌. കൂടാതെ നികുതി ഏര്‍പ്പെടുത്തുന്നത്‌ രാജ്യത്തെ വിദേശ നിക്ഷേപസമാഹരണ പദ്ധതികള്‍ക്ക്‌ തിരിച്ചടിയാകുമെന്ന ആശങ്കയും ഇവര്‍ പങ്കു വെയ്ക്കുന്നു. അതേ സമയം 17ന് ചേരുന്ന പാര്‍ലമന്റ്‌ സമ്മേളനത്തില്‍ കരട് നിയമത്തിന് അംഗീകാരം ലഭിച്ചാല്‍ പോലും നിയമം പ്രാബല്യത്തില്‍ വരുന്നമെങ്കില്‍ മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്. വിഷയത്തില്‍ മന്ത്രിസഭയും പാര്‍ലമെന്റും ഇരുചേരിയില്‍ ആണെന്നതിനാല്‍ സമീപ കാലത്തൊന്നും നിയമം പ്രാബല്യത്തില്‍ വരില്ലെന്നാണ് വിലയിരുത്തല്‍.