കുവൈത്ത് സിറ്റി: കുവൈറ്റിന്റെ കഴിഞ്ഞ വര്‍ഷത്തെ ധനക്കമ്മി ആയിരത്തി അഞ്ഞൂറ്റിപ്പത്ത് (1,510) ദശലക്ഷം കുവൈറ്റ് ദിനാറാണെന്ന് കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക്. 2015-ല്‍ 1,208 ദശലക്ഷം ദിനാര്‍ മിച്ചമായിരുന്നു സ്ഥാനത്താണ് ഇത്രയും രൂപ കമ്മിയായിരിക്കുന്നത്. കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വിശദമായ കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

കയറ്റുമതി ചെയ്ത പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറഞ്ഞതും ഇറക്കുമതിയില്‍ ആനുപാതികമായ സ്ഥിരത നിലനിറുത്തിയതുമാണ് അക്കൗണ്ട് കമ്മി വര്‍ധിക്കാന്‍ കാരണം. ഇത് സാധനങ്ങളുടെ മിച്ചത്തെയും ബാധിച്ചു. 2015ല്‍ 8,396 ദശലക്ഷം ദിനാറിന്റെ സാധനങ്ങള്‍ മിച്ചമുണ്ടായിരുന്നത് 2016 ല്‍ 6,075 ദശലക്ഷം ദിനാറായി കുറഞ്ഞു. സര്‍വീസസ് അക്കൗണ്ടിലുള്ള കമ്മി സ്വദേശികളും വിദേശികളുമായുള്ള സേവന ഇടപാടുകളില്‍ പ്രതിഫലിച്ചിട്ടുണ്ട്.

ഗതാഗതം, യാത്ര, വാര്‍ത്താവിനിമയം, നിര്‍മാണം, മറ്റു സേവനങ്ങള്‍, സര്‍ക്കാര്‍ വസ്തുക്കളും സേവനങ്ങളും എന്നിവയാണ് പ്രധാനമായ സേവന ഇടപാടുകള്‍. ഈ സേവന ഇടപാടുകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2016 ല്‍ വര്‍ധിച്ചിട്ടുണ്ട്. 2015 ല്‍ 6,011 ദശലക്ഷം ദിനാറായിരുന്ന സേവന ഇടപാടുകള്‍ കഴിഞ്ഞ വര്‍ഷം 6,353 ദശലക്ഷം ദിനാറായി വര്‍ധിച്ചു. ഫിനാന്‍ഷ്യല്‍ അക്കൗണ്ടില്‍ മുന്‍ വര്‍ഷം 2,360 ദശലക്ഷം ദിനാറായിരുന്നത് കഴിഞ്ഞ വര്‍ഷം 1,068 ദശലക്ഷം ദിനാറായി കുറഞ്ഞു. 2015 ല്‍ 1619 ദശലക്ഷം ദിനാര്‍ മിച്ചമായിരുന്ന കുവൈറ്റിന്റെ ബാലന്‍സ് ഓഫ് പേയ്‌മെന്റ് കഴിഞ്ഞ വര്‍ഷം 2531 ദശലക്ഷം ദിനാര്‍ കമ്മിയാണ് രേഖപ്പെടുത്തുന്നത്.