കുവൈത്ത് സിറ്റി: കുവൈത്തില്‍ തീവ്രവാദം തടയുന്നതിനായി പുതിയ പ്രത്യേക സ്വതന്ത്ര അന്വേഷണ സംഘം രൂപീകരിക്കണമെന്ന് നിര്‍ദേശമുയര്‍ന്നു. ആഭ്യന്തര വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘമായിരിക്കണമെന്നാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് പ്രദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

തീവ്രവാദ, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുമെതിരേയുമുള്ള പോരാട്ടത്തിന് പ്രത്യേക സ്വതന്ത്ര അന്വേഷണ സംഘം രൂപീകരിക്കണമെന്ന നിര്‍ദേശം എംപിമാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുള്ളത്. നിലവില്‍ രാജ്യത്ത് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത് പെതു സുരക്ഷ സേനയാണ്. 
ലോകമാകെ തീവ്രവാദവും ഭീകരപ്രവര്‍ത്തനവും വ്യാപിച്ചിരിക്കുകയാണെന്നും അതിനാല്‍ പുതുതായി ഒരു സംഘത്തെ രൂപീകരിക്കണമെന്നാണാവശ്യം. ആഭ്യന്തര വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും പ്രസ്തുത
സംഘമെന്ന നിര്‍ദേശവും വച്ചിട്ടുണ്ട്. തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങളെ നശിപ്പിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂക്ഷ്മനിരീക്ഷണം നടത്തുകയുമാണ് ഇവരുടെ പ്രധാന ജോലി.

തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ഇത്തരം സ്രോതസുകളെ ഇല്ലായ്മ ചെയ്യുകയും സംഘത്തിന്‍റെ ചുമതലയാണ്. തീവ്രവാദികള്‍ക്കെതിരേ മുന്‍കൂട്ടി ആക്രമണം നടത്താന്‍ മറ്റു സുരക്ഷാ വിഭാഗങ്ങളുമായും അന്താരാഷ്ട്ര രഹസ്യന്വേഷണ വിഭാഗങ്ങളുമായി സഹകരിക്കേണ്ടതിന്‍റെ ആവശ്യകതയ്ക്കും പ്രത്യേക സംഘം ഗുണകരമാകുമെന്നും ചൂട്ടിക്കാട്ടുന്നു.