ഐക്യരാഷ്ട്ര സഭയുടെ വിവിധ സന്നദ്ധസഹായ പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈറ്റ് അടുത്ത വര്‍ഷം 6.419 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ സംഭാവനയായി നല്‍കും. കുവൈറ്റ് അമീര്‍ഷേഖ് സാബാ അല്‍അഹ്മദ് അല്‍ജാബെര്‍അല്‍സാബായുടെ നിര്‍ദേശാനുസരണം ഐക്യരാഷ്ട്ര സഭയിലെ കുവൈറ്റ് ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി അബ്ദുള്‍അസീസ് സൗദ് അല്‍ജാറള്ളയാണ് പത്രസമ്മേളനത്തിനിടെ ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭയുടെ സന്നദ്ധസംഘടനകള്‍ക്ക് ദീര്‍ഘകാലമായി കുവൈറ്റ് സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ട്. കുവൈറ്റിന്റെ ധനസഹായത്തില്‍നിന്ന് പാലസ്തീനിയന്‍അഭയാര്‍ഥികള്‍ക്കുള്ള ഐക്യരാഷ്ട്ര സഭയുടെ റിലീഫ് ആന്‍ഡ് വര്‍ക്‌സ് എജന്‍സിക്ക് രണ്ടു ദശലക്ഷം ഡോളര്‍നല്‍കും. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി ഏജന്‍സി, സെന്‍ട്രല്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ഫണ്ട് എന്നിവയ്ക്ക് ഒരു ദശലക്ഷം വീതവും. മനുഷ്യാവകാശ കമ്മീഷന്‍, വികസന പ്രോഗ്രാം, ക്ഷയം, മലേറിയ എന്നിവയ്‌ക്കെതിരേയുള്ള പോരാട്ടത്തിനും അഞ്ചുലക്ഷം ഡോളര്‍വച്ച് നല്‍കും. വനിതാ ശാക്തീകരണം, ഭവന ഫണ്ട്, യൂണിസെഫ് തുടങ്ങിയ സഭയുടെ ഏജന്‍സികള്‍ക്കും ഫണ്ട് വകയിരുത്തിയിട്ടുണ്ട്.