2010ലെ തൊഴില്‍ നിയമം പൂര്‍ണ്ണമായും പാലിക്കുന്ന സ്വകാര്യ കമ്പനികളെ വിഐപി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് അറിയിച്ചത്. ഇത്തരം കമ്പിനികള്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ തൊഴില്‍-സാമൂഹിക, ആസൂത്രണ, വികസന മന്ത്രിയുമായ ഹിന്ദ് അല്‍ സുബൈഹ് ഉടന്‍ പ്രഖ്യാപിക്കും. വിഐപി ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട കമ്പനികളുടെ പട്ടിക വിവിധ തൊഴില്‍ വകുപ്പുകള്‍ തയാറാക്കുകയുമാണ്. നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയും തൊഴിലാളികള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ നല്‍കുകയും തൊഴിലാളികളുമായുള്ള കരാറില്‍ വിശ്വസ്തത പാലിക്കുകയും ചെയ്യുന്ന സല്‍പ്പേരുള്ള കമ്പനികളെയാണ് വിഐപി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. 

എല്ലാ മാസവും കൃത്യമായി ശമ്പളം നല്‍കുകയും തൊഴില്‍ വകുപ്പില്‍ യാതൊരു കേസുകളില്ലാത്തതുമായ കമ്പനികള്‍ക്ക് മന്ത്രാലയം പ്രത്യേക പരിഗണന നല്‍കും. ചെറുകിട, ഇടത്തരം പദ്ധതികള്‍ക്കായി വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനും മറ്റ് നടപടി ക്രമങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ എളുപ്പത്തില്‍ ലഭ്യമാക്കുന്ന സൗകര്യങ്ങളും വിഐപി കമ്പനികള്‍ക്ക് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.