2010 മുതല്‍ 2014 വരെയുള്ള അഞ്ചുവര്‍ഷം രാജ്യത്തുനിന്നും വിദേശികള്‍ തങ്ങളുടെ നാട്ടിലേക്ക് അയച്ച തുക 2.19 ലക്ഷംകോടി ദിനാര്‍ കവിഞ്ഞതായി പാര്‍ലമെന്റ് അംഗം ഖലീല്‍ അല്‍ സാലെഹ്. പണം കൈമാറ്റം ചെയ്യുന്നതിന് നികുതി ഏര്‍പ്പെടുത്താന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അദ്ദേഹം ബന്ധപ്പെട്ട അധികൃതരോട് ആരാഞ്ഞു. കുവൈറ്റിലെയും ഗള്‍ഫ് മേഖലയിലെയും സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പണം കൈമാറ്റം ചെയ്യുന്നതും, പണമയയ്ക്കുന്നത് ഓരോരുത്തരുടെയും വരുമാനത്തിന് ആനുപാതികമാണോയെന്നും ബന്ധപ്പെട്ട വകുപ്പ് നിരീക്ഷിക്കണം. പണം കൈമാറ്റം ചെയ്യുന്നതിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഒപ്പം തന്നെ, അയയ്ക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തകരുടെ കൈകളിലെത്താതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. പണം കൈമാറ്റം ചെയ്യുന്നത് നിരീക്ഷിക്കാന്‍ സംവിധാനമുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ഉപപ്രധാനമന്ത്രിയും ധനകാര്യവകുപ്പ് മന്ത്രിയുമായ അനസ് അല്‍ സാലെയോടെ ആവശ്യപ്പെട്ടിട്ടുമുണ്ട്.